രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ.കെ. ശൈലജ. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ലെന്ന് കെ. കെ. ശൈലജ പറഞ്ഞു.
സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ക്കെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാന്‍ ഉള്‍പ്പെടെ അവസരം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും കെ.കെ. ശൈലജ പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ഉണ്ടെന്നുള്ളത് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തമായിട്ടുള്ളതാണ്. വ്യാജ ഐഡികള്‍ ഉപയോഗിക്കുന്നതിനാലും ഇത്തരം കമന്റുകള്‍ക്ക് ശേഷം ഐഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമനടപടി സ്വീകരിക്കുക ശ്രമകരമായിരുന്നുവെന്നും കെ. കെ. ശൈലജ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടിത്തിലെനെതിരെ ഒന്‍പതോളം പരാതികളാണ് ലഭിച്ചത്. അതില്‍ മുന്‍ എംപിയുടെ മകള്‍ അടക്കം പരാതി നല്‍കിയതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇയാള്‍ക്കെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാന്‍ ഉള്‍പ്പെടെ അവസരം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ഉണ്ടെന്നുള്ളത് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തമായിട്ടുള്ളതാണ്. വ്യാജ ഐഡികള്‍ ഉപയോഗിക്കുന്നതിനാലും ഇത്തരം കമന്റുകള്‍ക്ക് ശേഷം ഐഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമനടപടി സ്വീകരിക്കുക ശ്രമകരമായിരുന്നു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരക്കാരെ സംരക്ഷിച്ച് നിര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വം ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടാണ്.