കാസർഗോഡ്: സിപിഐഎം കണ്ണൂർ കമ്മിറ്റിക്കെതിരെ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. തൃക്കരിപ്പൂരിലെ തോൽവിക്ക് കാരണം പയ്യന്നൂരിലെ സംഘടനാ വിഷയങ്ങളാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടിയെ ശക്തിപ്പെടുത്താൻ പി. ജയരാജനും കെ.കെ. ശൈലജയും വീണ്ടും നേതൃനിരയിൽ സജീവമാകണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പി. ജയരാജൻ പങ്കെടുത്ത തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് അഭിപ്രായം വന്നത്. പാർട്ടിയിലെ യഥാർത്ഥ പ്രവർത്തകരെ അവഗണിച്ച് ചില നേതാക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ നടക്കുന്നതെന്നും അംഗങ്ങൾ ആരോപിച്ചു. ഇടതുകോട്ടയായി അറിയപ്പെട്ടിരുന്ന ഉദുമയിലെയും, തൃക്കരിപ്പൂരിലെയും പാർട്ടിയുടെ ദയനീയ തോൽവി ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ജില്ലാ സെക്രട്ടറിയേറ്ററിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. തൃക്കരിപ്പൂരിൽ സംഘടനാ ദൗർബല്യങ്ങൾ ഉണ്ടായത് ഏത് സാഹചര്യത്തിലാണ് എന്ന് പരിശോധിക്കണമെന്ന് വി.പി.പി. മുസ്തഫ ആവശ്യപ്പെട്ടിരുന്നു. സമീപ ജില്ലയിലെ സിപിഐഎമ്മിൻ്റെ സ്ഥാനാർഥി നിർണയവും പരാജയത്തിന് ആക്കം കൂട്ടിയെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. പാർട്ടിക്ക് അടിപതറിയതോടെ ജില്ലയിൽ സിപിഐഎമ്മിന് എംഎൽഎമാരില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഇ.കെ. നയനാർ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സരിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. ഇവിടെയാണ് പാർട്ടിക്ക് അടി കിട്ടിയിരിക്കുന്നത്. ചില സ്ഥാനാർഥികൾക്ക് ഉണ്ടായിരുന്ന കച്ചവട ബന്ധം പുറത്തുവന്നതും പരാജയത്തിന് കാരണമായെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. ഇതേതുടർന്നാണ് ജില്ലാ കമ്മിറ്റിയോഗം ചേർന്നത്.