KERALA

കെ.എം. ബഷീറിന്റെ മരണം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമേല്‍ക്കുംവരെ വിചാരണ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമേറ്റെടുക്കുന്നതുവരെയാണ് സ്റ്റേ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമേറ്റെടുത്ത ശേഷം വിചാരണ നടപടികള്‍ തുടരാമെന്നും ഹൈക്കോടതി അറിയിച്ചു. തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബഷീറിന്റെ ഭാര്യ സി. ജസീല നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ഭാര്യ ജസീലയുടെ ആവശ്യത്തെ തുടർന്നാണ് കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. അഡ്വ. സന്തോഷ് കുമാറിനെയാണ് ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. നിലവിലെ പ്രോസിക്യൂട്ടർക്ക് പരിചയക്കുറവുണ്ടെന്നും പ്രത്യേക അഭിഭാഷകനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭാര്യ ജസീല ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരിചയമില്ലാത്തയാൾ പ്രോസിക്യൂട്ടറായെത്തുന്നത് കേസിനെ ബാധിക്കുമെന്ന ആശങ്കയും ഹര്‍ജിയില്‍ പങ്കുവച്ചിരുന്നു. കേസില്‍ വിചാരണ നടക്കുന്നതിനിടെയായിരുന്നു ആവശ്യം.

നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് കേസിലെ ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ശ്രീറാം വെങ്കിട്ടരാമനുവേണ്ടി ഹാജരാകുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. വിചാരണക്കിടെ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവറായ ഷഫീഖ് കൂറു മാറിയിരുന്നു. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആണോയെന്ന് അറിയില്ലെന്നാണ് ഷഫീഖ് കോടതിയില്‍ പറഞ്ഞത്. അതേസമയം, കേസില്‍ രണ്ടാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മണികണ്ഠന്‍ അപകടസ്ഥലത്ത് കണ്ടയാള്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. വഫയാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും, ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ അത് പൊളിയുകയായിരുന്നു.

SCROLL FOR NEXT