KERALA

"ലീഗിന് എതിർപ്പുണ്ടായിരുന്നു"; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ വിയോജിപ്പ് സമ്മതിച്ച് കെ.എം. ഷാജി

എതിർപ്പുണ്ടെങ്കിലും മന്ത്രിസഭാ തീരുമാനത്തോടൊപ്പം നിന്നെന്നും കെ.എം. ഷാജി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ മുസ്ലീം ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ.എം. ഷാജി. നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എതിർപ്പുണ്ടെങ്കിലും മന്ത്രിസഭാ തീരുമാനത്തോടൊപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിൻ്റെ പേരിൽ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വൻ വിവാദങ്ങൾക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് കഴിഞ്ഞ നിയമസഭ പാസാക്കിയിരുന്നു. ബജറ്റിന്റെ ഗ്രെയ്സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞു. യുഡിഎഫിലെ വിമർശകരെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അതിനൊന്നും വഴങ്ങുന്ന സർക്കാരല്ല ഇതെന്നും യുഡിഎഫിൽ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തെയും കെ.എം. ഷാജി അനുകൂലിച്ചു. ഒരാളെ വെറുതെ സംഘിയാക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വർഗീയ വാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമർശം പോലും ശേഷാദ്രിനാഥനിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

SCROLL FOR NEXT