വി.ഡി. സതീശന്‍ 
KERALA

കെ.എം. ഷാജിയുടെ ആഡംബര കാര്‍ യാത്ര, മന്ത്രിമാരുടെ വിദേശയാത്ര: സര്‍ക്കാരിന് ചെലവില്ലാത്ത കാര്യങ്ങള്‍; ന്യായീകരിച്ച് മുഖ്യമന്ത്രി

സര്‍ക്കാരിനു ചെലവില്ലാത്ത യാത്രയെ താനാണ് പ്രോത്സാഹിപ്പിച്ചത്. പോയി വാ... എന്നു പറഞ്ഞു വിട്ടത് താനാണെന്നും മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

സ്വന്തം ചാര്‍ട്ടേഡ് വിമാന യാത്രയെ ന്യായീകരിക്കാന്‍ പറഞ്ഞ വാദം തന്നെയാണ് മന്ത്രിമാരുടെ വിദേശയാത്രയെ ഉള്‍പ്പെടെ ന്യായീകരിക്കാനും മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നോട്ടുവച്ചത്. മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ ഉപയോഗത്തിലും, മന്ത്രിമാരുടെ വിദേശ യാത്രയിലും സര്‍ക്കാരിന് ചെലവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തിൽ ധൂർത്ത് പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങള്‍. മലയാളിയായ ഒരാള്‍ അറേഞ്ച് ചെയ്തു തന്ന വിമാനത്തിലാണ് മലപ്പുറത്തേക്ക് പോയത്. അതില്‍ സര്‍ക്കാരിന് ചെലവില്ലെന്നുമായിരുന്നു സ്വന്തം യാത്രയെ മുഖ്യമന്ത്രി ന്യായീകരിച്ചത്.

2017ൽ വാങ്ങിയ വാഹനങ്ങളാണ് പല മന്ത്രിമാരും ഉപയോഗിക്കുന്നത്. കെ.എം. ഷാജി ഉപയോഗിച്ച ഔദ്യോഗികവാഹനത്തിന് തകരാറ് വന്നതുകൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിച്ചത്. മുൻപും മന്ത്രിമാർ അത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ മൂന്നു മന്ത്രിമാര്‍ക്ക് മാത്രമേ പൊതുഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുള്ളൂ എന്ന കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഷാജിക്ക് അനുമതി നല്‍കിയിരുന്നു. രണ്ടു ദിവസത്തേക്ക് നൽകിയ അനുമതിയേക്കാൾ കുറച്ചു മണിക്കൂറുകൾ കൂടുതൽ യാത്ര ചെയ്തതാണോ ഗുരുതരമായ കുറ്റകൃത്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ഇതിനു മുൻപും പല മന്ത്രിമാരും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതിൽ യാതൊരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച ചോദ്യത്തിന്, അതില്‍ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാരിനു ചെലവില്ലാത്ത യാത്രയെ താനാണ് പ്രോത്സാഹിപ്പിച്ചത്. പോയി വാ... എന്നു പറഞ്ഞു വിട്ടത് താനാണ്. വിദേശത്തുള്ള സംഘടനകൾ വിളിച്ചിട്ടാണ് അവർ പോയത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പലതവണ ഗൾഫിൽ പോയപ്പോഴും സർക്കാരിൽ നിന്ന് പണം വാങ്ങിയിട്ടില്ല. ഡൽഹിയിലേക്ക് ഒറ്റയ്ക്ക് പോകുന്ന മുഖ്യമന്ത്രിയാണ് താനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT