കൊച്ചി: കേരളം പാപ്പരായ സംസ്ഥാനമാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എന്‍. ബാലഗോപാലിന്റെ മറുപടി.
എ.കെ. ആന്റണിയുടെ പ്രസ്താവന ജനക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍വലിയാനുള്ള മുന്‍കൂര്‍ ജാമ്യമായി കാണാവുന്നതാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. വസ്തുതകള്‍ മനസിലാക്കി എ.കെ. ആന്റണി പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നീണ്ട ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുന്‍ ധനമന്ത്രി ആന്റണിക്ക് മറുപടി നല്‍കിയത്. പ്രകടന പത്രികയില്‍ പറഞ്ഞ 95 ശതമാനം കാര്യങ്ങളും പൂര്‍ത്തീകരിച്ചാണ് എല്‍എഡിഎഫ് സര്‍ക്കാര്‍ ചുമതല ഒഴിഞ്ഞത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം തടസമില്ലാതെ ഖജനാവില്‍ നിന്ന് ധനവകുപ്പ് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
അധികാരം ഏറ്റെടുത്ത ദിവസം തന്നെ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയില്‍ നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍വലിയാനുള്ള മുന്‍കൂര്‍ ജാമ്യമായി കാണാവുന്നതാണ്. ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ച എല്ലാ വാഗ്ദാനങ്ങളും ഏതാണ്ട് പൂര്‍ണമായി നടപ്പിലാക്കുകയും അത് സംബന്ധിച്ച് ജനസമക്ഷം പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്ത സര്‍ക്കാരുകളാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍. ആ സര്‍ക്കാരിന്റെ തുടര്‍ച്ചയായി വന്ന യുഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു എന്ന നിലയില്‍ വേണം ശ്രീ എ കെ ആന്റണിയുടെ പ്രസ്താവനയെ കാണാന്‍ എന്നാണ് പോസ്റ്റില്‍ പറയുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ വി.ഡി. സതീശന്‍ എ.കെ. ആന്റണിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പരാമര്‍ശം. കേരളം സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായിരിക്കുകയാണെന്നും കരകയറ്റാന്‍ വി.ഡി സതീശന് സാവകാശം നല്‍കണമെന്നുമായിരുന്നു ആന്റണി പറഞ്ഞത്. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷം കേരളത്തിന് സുവര്‍ണ കാലഘട്ടമായിരിക്കട്ടെയെന്നും ആന്റണി ആശംസിച്ചു.