

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച ശേഷം സതീശൻ മുതിർന്ന നേതാക്കളെ കണ്ട ശേഷം വൈകിട്ടോടെയാണ് നിയമസഭ കക്ഷിയോഗം ചേർന്നത്. 61 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തു.
ഗുരുവായൂർക്ക് പോയതിനാൽ രമേശ് ചെന്നിത്തല നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുത്തില്ല. അസുഖബാധിതനായതിനാൽ തൃപ്പുണിത്തൂറ നിയുക്ത എംഎൽഎ ദീപക്ക് ജോയും യോഗത്തിൽ പങ്കെടുത്തില്ല.
ചെന്നിത്തലയും ദീപക്കും പിന്തുണക്കത്ത് കൈമാറിയിട്ടുണ്ട്. നിയമസഭ കക്ഷി യോഗത്തിൽ വി.ഡി. സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി.
മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. നിയമസഭ കക്ഷി യോഗത്തിന് ശേഷം വി.ഡി. സതീശൻ സർക്കാർ രൂപീകരിക്കാൻ അനുമതി തേടി ഗവർണർക്ക് കത്ത് നൽകി.
രണ്ട് ദിവസത്തിനകം മന്ത്രിമാരുടെ പട്ടിക കൈമാറുമെന്നും സതീശൻ ഗവർണറെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും.