കെ.എൻ. ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Source: facebook
KERALA

"നടക്കുന്നത് ജീർണതയിൽ നിന്ന് രക്ഷനേടാനുള്ള കോൺഗ്രസിന്റെ നെറികെട്ട പ്രചരണം"; സൈബർ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ

നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ കേൾക്കാത്ത കാര്യങ്ങളാണ് കേൾക്കുന്നതെന്ന് എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

അടിസ്ഥാനരഹിതമായ ആരോപണവും വ്യാജമായ പ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ. തെറ്റായ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജീർണ്ണതയുടെ അഗാധ ഗർത്തങ്ങളിൽ നിന്നും രക്ഷനേടാനുള്ള കോൺഗ്രസിന്റെ നെറികെട്ട പ്രചരണമാണ് നടക്കുന്നതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ കേൾക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ കേൾക്കുന്നതെന്ന് എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു. രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്തുകയാണ് നിലവിലെ വിവാദത്തിന്റെ ലക്ഷ്യം. പറവൂരിനടുത്ത് അഡ്രസ്സുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിലാണ് ആരോപണം ഉയർന്നത്.രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ളതാണ് വിവാദം. കോൺഗ്രസുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമാകാമിതെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ പറയുന്നു.

അതേസമയം തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉയര്‍ത്തെഴുന്നേൽപ്പിക്കാനും, ജീര്‍ണതയുടെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുമുള്ള നെറികെട്ട പ്രചരണമാണ് തനിക്ക് നേരെ നടക്കുന്നതെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ കെ.എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞത്. കമ്യൂണിസ്റ്റ് നേതാക്കളെ അപകീര്‍ത്തിപെടുത്തുന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണിത്. തെറ്റായ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു.

കെ.എൻ. ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം:

സുഹൃത്തുക്കളെ,

പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍. ഇന്ന് നിയമസഭയില്‍ വൈപ്പിനെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം ആണ്. ഒരു പൊതുപ്രവര്‍ത്തകനെ രൂപപ്പെടുത്തുന്നതില്‍ നിസ്വാര്‍ത്ഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്നേഹവും കരുണയും ഒക്കെ ചേരുന്നത് വഴിയാണ് നിയമസഭാംഗം പോലുള്ള ഒരു പദവിയിലേക്ക് ഒരു പ്രവര്‍ത്തകന് നടന്നുകയറുന്നതിന് വഴി തെളിയിക്കുന്നത്. പലവിധത്തിലുള്ള പ്രതിസന്ധികളും ദുര്‍ഘടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചുമാണ് ഞാന്‍ ഇവിടം വരെയെത്തിയത്. അതില്‍ രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹവും ബഹുമാനവും എന്‍റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്.

എന്നാല്‍ നിക്ഷിപ്തമായ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിമാത്രം; വ്യക്തിപരമായി പകപോക്കുന്നതിനും എന്‍റെ രാഷ്ട്രീയ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വ്യാജപ്രചരണങ്ങള്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പെടുകയുണ്ടായി. സി.കെ.ഗോപാലകൃഷ്ണന്‍, ചെട്ടിശ്ശേരിയില്‍ എന്ന മേല്‍വിലാസം ഉള്ള വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.

പേരുകള്‍ വെക്കാതെ എന്നാല്‍ ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തികളെ മനസിലാക്കാന്‍ കഴിയും വിധം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയും ദിനപത്രങ്ങളിലും ഓണ്‍ലൈന്‍ ചാനലുകളിലും പേരും തന്‍റെ ഫോട്ടോയും പതിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍ വരുകയുണ്ടായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതില്‍, തകര്‍ക്കുന്നതില്‍ അതിന്‍റെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉയര്‍ത്തെഴുന്നേല്പിക്കാനും ജീര്‍ണ്ണതയുടെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണ്.

ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന്‍റെ മുന്നില്‍ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു. രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

എന്നെ വ്യക്തിപരമായി സ്നേഹിക്കുകയും പൊതുകാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തുവരുന്ന എന്‍റെ

എല്ലാ സൗഹൃദങ്ങളും ഈ അടിസ്ഥാനരഹിതമായ എല്ലാ അവാദപ്രചരണങ്ങളേയും തള്ളിക്കളയണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം

കെ.എന്‍.ഉണ്ണികൃഷ്ണന്‍.എം.എല്‍.എ, വൈപ്പിന്‍

SCROLL FOR NEXT