ബീഫ് ഫെസ്റ്റിൽ നിന്നുള്ള ദൃശ്യങ്ങൾ 
KERALA

ഓഫീസിൽ ബീഫ് കഴിക്കരുതെന്ന് റീജിയണൽ മാനേജർ; 'ബീഫ് ഫെസ്റ്റ്' പ്രതിഷേധവുമായി കാനറ ബാങ്ക് ജീവനക്കാർ

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും പ്രതിഷേധത്തിന് ലഭിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കാന്റീനിലും ഓഫീസിലും ബീഫ് നിരോധിച്ചതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി കാനറ ബാങ്ക് ജീവനക്കാർ. റീജിയണൽ ഓഫീസിന് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തിയായിരുന്നു ഉദ്യോഗസ്ഥർ പ്രതിഷേധിച്ചത്. ഓഫീസിൽ ബീഫ് വിളമ്പാൻ പാടില്ലെന്ന ബിഹാർ സ്വദേശിയായ റീജിയണൽ മാനേജറിൻ്റെ ഉത്തരവിന് പിന്നാലെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തിനെതിരെ പ്രതിഷേധിക്കാനായിരുന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) ആദ്യം തീരുമാനിച്ചത്. എന്നാൽ ബീഫ് നിരോധനം കൂടി ഉണ്ടെന്നറിഞ്ഞതോടെ, ജീവനക്കാർ റീജിയണൺ ഓഫീസിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ചു.

"ഇവിടെ ഒരു ചെറിയ കാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ, ദിവസങ്ങളിലാണ് ബീഫ് വിളമ്പുന്നത്. ഇനി ബീഫ് വിളമ്പരുതെന്ന് കാന്റീന്‍ ജീവനക്കാരെ മാനേജര്‍ അറിയിച്ചു. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്ത്യയില്‍, ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ആരെയും ബീഫ് കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. ഇത് ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഒരു രൂപമാണ്," ഫെഡറേഷന്‍ നേതാവ് എസ്.എസ്. അനില്‍ പറഞ്ഞു.

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും പ്രതിഷേധത്തിന് ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര എംഎൽഎ കെ.ടി. ജലീൽ പ്രകടനത്തെ പ്രശംസിച്ചു. ഒരു സംഘപരിവാർ അജണ്ടയും കേരളത്തിൽ അനുവദിക്കില്ലെന്ന് ജലീൽ ഉറപ്പിച്ചു പറഞ്ഞു.

"എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്നിവ മേലുദ്യോഗസ്ഥർ തീരുമാനിക്കരുത്. ഈ മണ്ണ് ചുവപ്പാണ്. ഈ നാടിന്റെ ഹൃദയം ചുവപ്പാണ്. ചെങ്കൊടി പാറുന്നിടത്തെല്ലാം നിങ്ങൾക്ക് ഫാസിസ്റ്റുകൾക്കെതിരെ ഭയമില്ലാതെ സംസാരിക്കാനും പ്രവർത്തിക്കാനും കഴിയും. ആരും നിങ്ങളെ ഉപദ്രവിക്കില്ല. കമ്യൂണിസ്റ്റുകൾ ഒന്നിക്കുമ്പോൾ, കാവിക്കൊടി ഉയർത്താനും ജനങ്ങളുടെ ക്ഷേമത്തിന് തുരങ്കം വയ്ക്കാനും സഖാക്കൾ ആരെയും അനുവദിക്കില്ല. അതാണ് ലോകം. അതാണ് ലോകത്തിന്റെ ചരിത്രം!" ജലീൽ ഫേസ്ബുക്കിൽ എഴുതി.

SCROLL FOR NEXT