
ആലപ്പുഴ: ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരം ഇന്ന്. 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിലെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. രാവിലെ 11 മണിയോടെയാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കമായത്. വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി നിർവഹിക്കുക. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾക്ക് പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും നടക്കും. 21 ചുണ്ടന്മാർ അടക്കം 71 വള്ളങ്ങള്ളാണ് 71ാം നെഹ്രു കിരീടത്തനായി പോരിനിറങ്ങുന്നത്. ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ വൈകീട്ട് നാല് മണിയോടെയാണ് ആരംഭിക്കുക. ഒളപ്പരപ്പിനെ കീറിമുറിച്ച് കരിനാഗങ്ങൾ തുഴയെറിയുമ്പോൾ വള്ളംകളി പ്രേമികൾ ആനന്ദത്തിൻ്റെ കൊടുമുടി കയറും.
ഹീറ്റ്സില്‍ മുന്നിലെത്തുന്ന വള്ളങ്ങളാണ് ഫൈനലില്‍ പോരിനിറങ്ങുക. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങൾ നീറ്റില്ർ പോരിനിറങ്ങും. ചുണ്ടൻവള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്സുകളിലായാണ് നടക്കുക. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയത്ത് ഫിനിഷിങ് ലൈന്‍ തൊടുന്ന നാലു വള്ളങ്ങൾ ഫൈനലിൽ മാറ്റുരയ്ക്കും.
അതേസമയം, വള്ളംകളി പ്രമാണിച്ച് ഇന്നു രാവിലെ 6 മുതൽ രാത്രി 9 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെയുത്തിയിട്ടുണ്ട്. റോഡുകളിൽ അനധികൃതമായി പാർക്കു ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. കണ്ടെയ്നർ, ട്രെയ്‌ലർ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് വഴി പോകണം. തണ്ണീർമുക്കം, എറണാകുളം ഭാഗങ്ങളിൽ നിന്നു വാഹനങ്ങളിൽ വരുന്നവർ കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവന്റ് സ്ക്വയർ വഴി പോയി ബീച്ച്, റിക്രിയേഷൻ മൈതാനം, കനാൽ തീരത്തെ റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ചങ്ങനാശേരി ഭാഗത്ത് നിന്നു കൈതവന ജംക്‌ഷനിലൂടെ വരുന്ന വാഹനങ്ങൾ പഴവീട്, കാർമൽ സ്കൂൾ മൈതാനങ്ങളിൽ പാർക്ക് ചെയ്യണം. കൊല്ലം, കായംകുളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കളർകോട് ചിന്മയ സ്കൂൾ മൈതാനിയിലും സ്കൂളിനു മുൻവശം ദേശീയപാതയിലെ സൗകര്യപ്രദമായ സ്ഥലത്തും, എസ്ഡി കോളജ് മൈതാനിയിലും പാർക്ക് ചെയ്യണം. കളർകോട്, പഴവീട്, കളർകോട് ബൈപാസ്, ബീച്ച്, റിക്രിയേഷൻ മൈതാനം, കൈതവന എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു കെഎസ്ആർടിസി ഫീഡർ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.