കണ്ണൂർ: തലശേരി ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി സിബിഐ കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോർട്ട് തേടിയത്. എലി കൊണ്ടുപോയെന്നാണ് തൊണ്ടി മുതലായ തൂവാല ഉണ്ടായിരുന്ന കവറിൽ എഴുതിയിരുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.
മെയ് 22നാണ് സിജെഎം കോടതിയുടെ കസ്റ്റഡിയിൽ നിന്നാണ് രക്തംപുരണ്ട തൂവാല കാണാതായത്. കൊല നടത്തിയത് ആർഎസ്എസുകാരാണെന്ന് സ്ഥാപിക്കാൻ പ്രതികൾ തൂവാല മറ്റൊരിടത്ത് കൊണ്ടിട്ടിരുന്നു. ഇതാണ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് നഷ്ടമായത്. കാരായി രാജൻ എംഎൽഎ, കാരായി ചന്ദ്രശേഖരൻ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. എഫ്എസ്ൽ റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതികൾ ഈ തൂവാല ആർഎസ്എസ് പ്രവർത്തകർ താമസിക്കുന്ന പ്രദേശത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സിബിഐയുടെ പ്രധാന വാദം. 2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്. സിപിഐഎമ്മിൽ നിന്ന് എൻഡിഎഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ് അന്വേഷണത്തിലെ കണ്ടെത്തൽ.