കൊച്ചി: സംസ്ഥാനത്ത് ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ഡിജെ പാർട്ടികളിൽ കടുത്ത നിയമലംഘനങ്ങളും അനിയന്ത്രിതമായ ലഹരി ഇടപാടുകളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി കൊച്ചി സിറ്റി പൊലീസ്. രാത്രി 11 മണിക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം നഗരത്തിൽ ഒരുതരത്തിലുള്ള ഡിജെ പാർട്ടികളും അനുവദിക്കില്ലെന്ന ചട്ടം കർശനമായി നടപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിൽ പ്രവർത്തിക്കുന്ന ലുമോ നോക്സ് എന്ന പബ്ബിൽ പുലർച്ചെ മൂന്ന് മണി വരെ അനധികൃതമായി പാർട്ടി നടത്തിയതിന് പബ്ബിനെതിരായ സമഗ്ര റിപ്പോർട്ട് പൊലീസ് ഉടൻ എക്സൈസിന് കൈമാറും.
നഗരത്തിന്റെ രാത്രിജീവിതത്തിന് മാറ്റ് കൂട്ടാന്‍ അരങ്ങേറുന്ന പല ഡിജെ പാർട്ടികളും അനധികൃത മദ്യ-ലഹരി വിൽപ്പനയുടെയും അക്രമങ്ങളുടെയും കേന്ദ്രങ്ങളായി മാറുന്നുവെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് പരിശോധന കർശനമാക്കിയത്. കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിലെ ലുമോ നോക്സ് എന്ന പബ്ബിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായിട്ടായിരുന്നു പൊലീസ് മിന്നൽ പരിശോധന നടത്തിയത്. യാതൊരുവിധ മുൻകൂർ അനുമതിയുമില്ലാതെ പുലർച്ചെ മൂന്ന് മണി വരെ ഇവിടെ ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.
ചട്ടലംഘനം തെളിഞ്ഞതോടെ ലുമോ നോക്സിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, സ്ഥാപനത്തിന്റെ ബാർ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി എക്സൈസിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. രാത്രി 11 മണി കഴിഞ്ഞാൽ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകളിൽ പോലും ഡിജെ പാർട്ടികൾ നടത്താൻ പാടില്ലെന്ന ഉത്തരവ് ഇനിമുതൽ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും.
സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി അനിയന്ത്രിതമായി മദ്യവിൽപ്പന നടത്താനുള്ള ശ്രമങ്ങൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും. സ്കൂൾ-കോളേജ് വിദ്യാർത്ഥികളായ പ്രായപൂർത്തിയാകാത്ത കുട്ടികൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് ഇത്തരം പബ്ബുകളിലും ബാറുകളിലും പ്രവേശിക്കുന്നതായും പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൊച്ചിയിലെ മുഴുവൻ പബ്ബുകളിലും സ്പെഷ്യൽ സ്ക്വാഡുകളെ നിയോഗിച്ച് രാത്രി പരിശോധന ഊർജ്ജിതമാക്കാനാണ് സിറ്റി പൊലീസിന്റെ തീരുമാനം.
വിനോദത്തിന്റെയും ആഘോഷത്തിന്റെയും അതിരുകൾ ലംഘിച്ച് കൊച്ചിയിലെ രാത്രിപ്പാർട്ടികൾ ലഹരിയുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും താവളങ്ങളാകുന്നുവെന്ന തിരിച്ചറിവിലാണ് സിറ്റി പൊലീസിന്റെ ഈ ശക്തമായ ഇടപെടല്‍.