കൊച്ചി തീരത്തെ MSC എൽസ-3 കപ്പൽ അപകടത്തിൽ കേസെടുത്ത് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ്. മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചിനാൽ BNS 282, 285, 286, 287, 288 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ കപ്പൽ കമ്പനി MSC ഒന്നാം പ്രതിയും, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയുമാണ്. പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കപ്പൽ കമ്പനിക്കെതിരെ കേസ് വേണ്ടെന്ന സർക്കാർ തീരുമാനം വിവാദമായതോടെയാണ് പൊലീസിൻ്റെ നീക്കം.
MSC എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സർക്കാരിൻ്റെ നീക്കം.
ഇതിൽ ഒമ്പതോളം കണ്ടെയ്‌നറുകൾ കടലിൽ വീഴുകയും ചെയ്തിരുന്നു. അപകടത്തേ തുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറുകളില്‍ കാൽസ്യം കാർബൈഡാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും 'ക്യാഷ്' എന്ന് എഴുതിയ നാല് കണ്ടെയ്നറുകളില്‍ കശുവണ്ടിയും. 87 കണ്ടെയ്നറുകളില്‍ തടിയുമാണ് ഉണ്ടായിരുന്നതെന്നാണ് സർക്കാർ പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.
ചരക്കു കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായാണ് സഹായം പ്രഖ്യാപിച്ചത്.
ആയിരം രൂപയും ആറ് കിലോ അരിയും വീതമാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക. ഇതിനായി 10 കോടി 55 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.