അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായവും സൗജന്യ റേഷനും പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് സഹായം ലഭ്യമാക്കുക.
ആയിരം രൂപയും ആറ് കിലോ അരിയും വീതമാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക. ഇതിനായി 10 കോടി 55 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.
മെയ് 24 നാണ് കൊച്ചി പുറംകടലിന് സമീപം എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍പെട്ടത്. അടുത്ത ദിവസം മുങ്ങുകയും ചെയ്തു. 640 കണ്ടെയ്‌നറുകളാണ് മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തില്‍ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും ആയിരുന്നു. ഇതില്‍ ഒമ്പതോളം കണ്ടെയ്നറുകളാണ് കടലില്‍ വീണത്.
കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് പല കോണുകളില്‍ നിന്ന് വ്യാജ പ്രചാരണങ്ങള്‍ തുടരുന്നത് തിരിച്ചടിയാകുന്നുവെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. ജൂണ് 9ന് ട്രോളിംഗ് നിരോധനം കൂടി നിലവില്‍ വന്നാല്‍ തീരദേശ മേഖല പൂര്‍ണ്ണമായും പ്രതിസന്ധിയിലാകുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.
അപകടത്തില്‍ പെട്ട എല്‍സ 3 കപ്പലിന്റെയും കണ്ടെയ്‌നറുകളിലെയും രാസവസ്തുക്കള്‍ കടലില്‍ അലിഞ്ഞു ചേര്‍ന്നുവെന്നും ഈ സാഹചര്യത്തില്‍ മത്സ്യങ്ങള്‍ ഭക്ഷിക്കുന്നത് അപകടമാണെന്നുമാണ് പ്രചാരണം. ശാസ്ത്രീയമായ ഒരടിത്തറയുമില്ലാതെ നടക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ മൂലം തീരദേശമാകെ ബുദ്ധിമുട്ടില്‍ ആയിരിക്കുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ജൂണ്‍ 9 ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുമെന്നതിനാല്‍ യന്ത്രവത്കൃത ബോട്ടുള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധനം മൂലം ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും ഉപജീവനത്തിന് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാകും. ബോട്ടില്‍ മത്സ്യബന്ധന നടത്തുന്നവര്‍ പ്രതിസന്ധിയില്‍ ആയാലും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ട്രോളിംഗ് നിരോധം കാലത്തെ നോക്കി കാണുന്നത്. എന്നാല്‍ കപ്പലപകടത്തിന് പിന്നാലെ ഉണ്ടായ വ്യാജ പ്രചാരണങ്ങള്‍ ഇപ്പോള്‍ ഇരു കൂട്ടര്‍ക്കും ഒരു പോലെ തിരിച്ചടിയായി മാറിയിട്ടുണ്ട്.
കപ്പലപകടത്തിന് പിന്നാലെയുണ്ടായ പ്രചാരണങ്ങളെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ മത്സ്യകച്ചവടത്തില്‍ വന്‍ ഇടിവാണു ഉണ്ടായിട്ടുള്ളതെന്ന് കച്ചവടക്കാരും പരാതി പറയുന്നു. മത്സ്യബന്ധന മേഖലയില്‍ കോടികള്‍ ചെലവഴിച്ചിരിക്കുന്ന സംരംഭകര്‍ക്കും വന്‍കിട കമ്പനികള്‍ക്കും വ്യാജ ചെറുതല്ലാത്ത പ്രതിസന്ധികളും നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെടണമെന്നും തീരദേശ മേഖലയെ സഹായിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആണ് ആവശ്യങ്ങള്‍ ഉയരുന്നത്.