KERALA

തൃക്കാക്കര ലഹരിക്കടത്ത് കേസ്: കെവിന്‍ ലഹരി വില്‍പ്പന നടത്തിയത് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന; ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തു

പെണ്‍കുട്ടികളെ ഇരകളാക്കിയാണ് ഇയാള്‍ ലഹരി കടത്ത് നടത്തിയിരുന്നത് എന്നും സംശയമുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തൃക്കാക്കര ലഹരിക്കടത്ത് കേസിലെ പ്രതി കെവിന്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത് മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന. മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരിലുള്ള വ്യാജ ഐഡി കാര്‍ഡ് കെവിന്റെ കയ്യില്‍ നിന്ന് പൊലീസ് പിടികൂടി. ഒരു വര്‍ഷത്തിനിടെ 22 ലക്ഷം രൂപയുടെ ഡീലുകളാണ് കെവിന്‍ നടത്തിയത്. പെണ്‍കുട്ടികളെ ഇരകളാക്കിയാണ് ഇയാള്‍ ലഹരി കടത്ത് നടത്തിയിരുന്നത് എന്നും സംശയമുണ്ട്.

ഓണ്‍ലൈന്‍ വഴി 1000 രൂപ അടച്ചാല്‍ ലഭിക്കുന്ന പ്രസ്സ് ഐഡി കാര്‍ഡ് ആണ് കെവിന്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ പ്രസ്സ് യൂണിയന്റെ ജില്ലാ റിപ്പോര്‍ട്ടര്‍ എന്ന പേരിലായിരുന്നു ഇയാളുടെ ഇടപാടുകള്‍. പൊലീസ് പരിശോധന ഒഴിവാക്കാനും ഇയാള്‍ ഈ കാര്‍ഡ് ഉപയോഗിച്ചിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

കെവിനെ കസ്റ്റഡിയിലെടുത്ത ദിവസം നടത്തിയ പരിശോധനയില്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും കണ്ടെടുത്തു. കൃത്യമായ പരിശോധനകള്‍ ഇല്ലാതെയാണ് സൈറ്റില്‍ നിന്ന് ഐഡി കാര്‍ഡ് നല്‍കുന്നത്. ഇത് വ്യാപകമായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന സംശയവും പൊലീസിനുണ്ട്. ഇയാളുടെ ഫോണ്‍ പരിശോധിച്ചാല്‍ നിന്ന് 22 ലക്ഷം രൂപയുടെ ഇടപാടുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടപാടുകളുടെ കണക്കുകള്‍ മാത്രമാണിത്. തുക ഇനിയും ഉയര്‍ന്നേക്കാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കെവിനായി അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. ഇയാളെ വിശദമായി ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തത വരൂ. നൈറ്റ് പാര്‍ട്ടികളിലെ പ്രധാന ഡ്രഗ് ഡീലര്‍ കെവിന്‍ ആണെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടികളെ ഇരകളാക്കിയാണ് ലഹരി കടത്ത് നടത്തിയിരുന്നത് എന്നും സംശയമുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു ലഹരികടത്ത്.

ഒരു വര്‍ഷം മുന്‍പ് കെവിന്‍ ഡാന്‍സാഫിന്റെ പിടിയിലായിരുന്നു. അന്ന് ഇയാള്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ലഹരി വില്‍പ്പനയ്ക്ക് ഇയാള്‍ക്ക് ഏജന്റുമാര്‍ ഉണ്ടായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കെവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം കടവന്ത്രയില്‍ നിന്ന് പിടിയിലായ എട്ടു പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. വെള്ളിയാഴ്ച കാക്കനാട് വാഴക്കാല ഭാഗത്തുനിന്നാണ് കെവിനെ പിടികൂടിയത്. പിടികൂടുമ്പോള്‍ കെവിന്റെ കൈവശം 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസി പില്‍സ് എന്നിവയും ഉണ്ടായിരുന്നു. ഇതിനുപുറമേ ലഹരി വില്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.

SCROLL FOR NEXT