കൊച്ചി: 110 ദിവസം നീളുന്ന കലാമാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറ് മണിക്ക് ബിനാലെ ഉദ്ഘാടനം ചെയ്യും. ഫോർ ദി ടൈം ബീയിങ് എന്നതാണ് ഇത്തവണത്തെ പ്രമേയം.
ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിനാണ് ഇന്ന് കൊച്ചിയിൽ തുടക്കമാകുന്നത്. വൈകിട്ട് ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ഉച്ചയ്ക്ക് 12ന് ആസ്പിൻവാൾ ഹൗസിൽ മാർഗി രഹിത കൃഷ്ണദാസിൻ്റെ തായമ്പകയോടെയാണ് ബിനാലെ പതാക ഉയർത്തുക. നിഖിൽ ചോപ്രയാണ് ആറാം പതിപ്പിൻ്റെ ക്യൂറേറ്റർ. ഓരോ വേദിയും നഗര ചരിത്രത്തേയും, സംസ്കാരത്തേയും ഓർമിപ്പിക്കുന്നതാണ്.
സംസ്കാര സമന്വയവും കലയുടെ സ്വാതന്ത്ര്യവും പൊതുസംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുയാണ് ആറാം പതിപ്പിന്റെയും ലക്ഷ്യം. ലോകമെമ്പാടുമുള്ള കലാകാരൻമാരുടെയും കൂട്ടായ്മകളുടെയും സൃഷ്ടികളാണ് പ്രധാന വേദികളിൽ എത്തുന്നത്.