ഇനി കാഴ്ചയുടെ വസന്തം; 30ാമത് ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം, ’പലസ്തീൻ 36’, ആദ്യ ദിനം 11 ചിത്രങ്ങൾ

30ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് വൈകിട്ട് ആറു മണിക്ക് തിരി തെളിയും
30ാമത് ഐഎഫ്എഫ്കെ
30ാമത് ഐഎഫ്എഫ്കെSource: Facebook / Kerala State Chalachitra Academy
Published on
Updated on

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 30ാമത് പതിപ്പിന് ഇന്ന് (ഡിസംബർ 12) തലസ്ഥാനത്ത് തിരശീല ഉയരും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും.

പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സംവിധായകൻ ഷാജി എൻ കരുണിനെക്കുറിച്ചുള്ള പുസ്തകം 'കരുണയുടെ ക്യാമറ' സാംസ്കാരിക മന്ത്രി അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാമിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നൽകി പ്രകാശിപ്പിക്കും.

ഡെയിലി ബുള്ളറ്റിൻ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ ബീന പോളിന് കൈമാറി പ്രകാശനം നിർവഹിക്കും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥ് സാംസ്കാരിക മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങും. രാജീവ് നാഥ്നെക്കുറിച്ച് അക്കാദമി തയ്യാറാക്കിയ 'തണൽ' പുസ്തകം ടി കെ രാജീവ്‌ കുമാർ കെ. മധുവിന് നൽകി പ്രകാശനം ചെയ്യും.

30ാമത് ഐഎഫ്എഫ്കെ
30ാമത് ഐഎഫ്എഫ്കെ: സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുമായി 'ഇന്ത്യൻ സിനിമ നൗ' വിഭാഗത്തിൽ ഏഴ് ചിത്രങ്ങൾ

ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. മധുപാൽ, ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് എന്നിവർ പങ്കെടുക്കും.

ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്ന ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത 'പലസ്തീന്‍ 36' ആണ് ഉദ്‌ഘാടന ചിത്രം. 98ാമത് ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ചിത്രമാണിത്. ഉദ്ഘാടനശേഷം സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. 2017ൽ ഐഎഫ്എഫ്കെയുടെ സുവർണ ചകോരം പുരസ്കാരം നേടിയ ജാസിറിന്റെ 'വാജിബ്' എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ആണ്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ആഫ്രിക്കന്‍ ചലച്ചിത്ര ലോകത്തെ, പ്രത്യേകിച്ചും പശ്ചിമാഫ്രിക്കന്‍ സിനിമയുടെ, പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്നാണ് അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ. 2015ല്‍ അദ്ദേഹത്തിന്റെ വിഖ്യാതചിത്രം ടിംബുക്തു കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും, ഫ്രാന്‍സിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ സീസര്‍ അവാര്‍ഡില്‍ മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. 2007ല്‍ നടന്ന 60ാമത് കാന്‍ ചലച്ചിത്രമേളയില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ട്രോഫി, 2012ലെ കാന്‍ മേളയില്‍ പ്രത്യേക പുരസ്‌കാരം എന്നിവ സിസ്സാക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്.

30ാമത് ഐഎഫ്എഫ്കെ
ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് വേദിയാകാൻ ഐഎഫ്എഫ്കെ

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍

അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 60തിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റീസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.

30ാമത് ഐഎഫ്എഫ്കെ
ഋത്വിക് ഘട്ടക്, വിഭജനത്താൽ മുറിപ്പെട്ട കലാകാരൻ

കണ്‍ട്രി ഫോക്കസ്: വിയറ്റ്‌നാം

വിയറ്റ്‌നാം യുദ്ധത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയുടെ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, ഒഫീഷ്യല്‍സ്, ഗസ്റ്റ്, സ്‌പോണ്‍സര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 15,000ത്തോളം പേരുടെ പങ്കാളിത്തം 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ടാവും.

എക്‌സിബിഷന്‍

മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. മേളയുടെ മൂന്നു പതിറ്റാണ്ട് നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന 'ഐഎഫ്എഫ്കെ എക്‌സ്പീരിയന്‍സിയ', ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ ന്യൂ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

അനുബന്ധ പരിപാടികള്‍

മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികള്‍ നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ സംഘടിപ്പിക്കും.

30ാമത് ഐഎഫ്എഫ്കെ
30ാമത് ഐഎഫ്എഫ്കെ: സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുമായി 'ഇന്ത്യൻ സിനിമ നൗ' വിഭാഗത്തിൽ ഏഴ് ചിത്രങ്ങൾ

പുരസ്‌കാരങ്ങള്‍

ഡിസംബര്‍ 19ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധായക പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഫിപ്രസ്‌കി, നെറ്റ്പാക് അവാര്‍ഡുകളും സമാപനച്ചടങ്ങില്‍ സമ്മാനിക്കും.

ഐഎഫ്എഫ്കെയുടെ ഹ്രസ്വചരിത്രം

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐഎഫ്എഫ്കെ 1995 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെ നടന്ന മൂന്നാമത്തെ മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. നാലാംമേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐഎഫ്എഫ്കെയ്ക്ക് ലഭിച്ചിരുന്നു. മല്‍സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു. 25ാമത് ഐഎഫ്എഫ്കെ, കോവിഡിന്റെ പശചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ നാലിടങ്ങളിലായാണ് നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com