തൃശൂർ: കൊടുങ്ങല്ലൂരിൽ ജീവനൊടുക്കിയ അസ്ലം പ്രതിയായ കേസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രായപൂർത്തി ആകാത്തതിനാൽ ഒന്നാം പ്രതി അസ്ലമിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെ പിതാവിനൊപ്പം വിട്ടയച്ചിരുന്നുവെന്നും, രണ്ടാം പ്രതിയായ സഹലിനെ കസ്റ്റഡിയിലെടുത്തതിന് പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
സഹലിനെയാണ് സുഹൃത്തായ പെൺകുട്ടിയെ ചതിച്ച് നേടിയെടുത്ത സ്വർണവും പണവും സൂക്ഷിക്കാൻ അസ്ലം ഏൽപ്പിച്ചത്. പ്രതികൾക്ക് നിയമസഹായവും വൈദ്യസഹായവും ഏർപ്പെടുത്താൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. മകൻ ജീവനൊടുക്കിയതിൽ പിതാവിൻ്റെ ആരോപണം തള്ളി പരാതിക്കാരിയുടെ കുടുംബവും രംഗത്തെത്തി.
കൊടുങ്ങല്ലൂരിൽ 18കാരനായ മകൻ അസ്ലം ജീവനൊടുക്കിയത് പൊലീസിൻ്റെ മാനസിക പീഡനത്തെ തുടർന്നാണെന്നും രണ്ട് മക്കളേയും കള്ളക്കേസിൽ കുടുക്കിയാണ് ജയിലിൽ അടച്ചതെന്നും പിതാവ് പി.എം. നൗഷാദ് ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മൂത്തമകൻ സഹലിനെയും ഇളയ മകൻ അസ്ലമിനെയും മൂന്ന് ദിവസം കഴിഞ്ഞാണ് കോടതിയിൽ ഹാജരാക്കിയത്.
ഇരുവരെയും ക്രൂര മർദ്ദനത്തിന് ഇരയാക്കി കുറ്റം സമ്മതിപ്പിച്ചു, സ്റ്റേഷനിലെത്തിയ തന്നോട് അപമര്യാദയായി പെരുമാറി, രണ്ടു മക്കളെയും കൊടുങ്ങല്ലൂർ സിഐ പുറംലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ക്രൂരമായ സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുടുംബം പറയുന്നു.
എന്നാൽ അസ്ലമിന് എതിരായ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നും, കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിൻ്റെ വാദം. അസ്ലം പ്രണയം നടിച്ച് പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയിരുന്നു. ഈ ദൃശ്യങ്ങളും ഫോട്ടോസും ഉപയോഗപ്പെടുത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയ ശേഷം അത് ഉപയോഗിച്ച് വാഹനം വാങ്ങി ആർഭാട ജീവിതം നയിച്ചുവെന്നും പൊലീസ് ആരോപിച്ചു.
അസ്ലമിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും മറ്റ് പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. കേസിൽ പ്രതികൾക്കു നേരെ പൊലീസ് അതിക്രമമോ കസ്റ്റഡി മർദനമോ ഉണ്ടായിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു. ഏറിയാട് എ.എ.എസ്.എൻ കവല സ്വദേശി മുഹമ്മദ് അസ്ലത്തിൻ്റെ മരണത്തിലാണ് പിതാവിൻ്റെ ആരോപണം. ഈ മാസം 6നാണ് ജുവനൈൽ ജസ്റ്റിസ് ഹോമിൽ വച്ച് അസ്ലം ജീവനൊടുക്കിയത്.