അതുല്യയ്ക്ക് വിട നൽകി നാട് Source: News Malayalam 24x7
KERALA

അതുല്യയ്ക്ക് വിട നൽകി നാട്; സംസ്കാരം പൂർത്തിയായി

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ സംസ്കാരം പൂർത്തിയായി. വൈകീട്ട് വീട്ടുവളപ്പിലാണ് അതുല്യയുടെ സംസ്കാരം നടന്നത്. യുവതിയുടെ റീ-പോസ്റ്റ്‌മോർട്ടം പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയിരുന്നു.

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അന്വേഷണം ഊർജിതമെന്ന് കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന അറിയിച്ചു. ഷാർജയിൽ നടത്തിയ അതുല്യയുടെ ഫൊറൻസിക് പരിശോധനാഫലത്തിൽ മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് കണ്ടെത്തൽ.

ഷാര്‍ജയിലെ ഫ്ലാറ്റിലാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു വര്‍ഷമായി അതുല്യയും ഭര്‍ത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. രാത്രിയുണ്ടായ വഴക്കിന് ശേഷം ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോള്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ് സതീഷ് പറയുന്നത്.

ആരോപണം ഉയര്‍ന്നതിനു പിന്നാലെ സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ മരണത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇടപെട്ടിരുന്നു. കുടുംബം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

SCROLL FOR NEXT