കൊല്ലം: തേവലക്കര സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. തറക്കല്ല് ഇന്ന് ഇടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മിഥുന്റെ വീട് എന്റേയും' എന്ന പേരില്‍ നടത്തുന്ന ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ശിവന്‍കുട്ടിയാണ് നിര്‍വഹിക്കുക.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എന്‍.കെ പ്രഭാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് കുടുംബത്തിന് വീട് നിര്‍മിക്കുന്നത്.
ജുലൈ 17 നാണ് തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ചെരിപ്പെടുക്കാന്‍ ബെഞ്ച് ഇട്ടതിന് ശേഷമാണ് കുട്ടി അവിടേക്ക് ഇറങ്ങിയത്. എന്നാല്‍ ഷീറ്റിന് മുകള്‍ ഭാഗത്തൂടെ പോവുന്ന വൈദ്യുത കമ്പിയില്‍ തട്ടി കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.