ഷോക്കേറ്റ് മരിച്ച മിഥുൻ Source: News Malayalam 24x7
KERALA

മിഥുൻ്റെ മരണം: പ്രതികൾക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കും

സ്കൂൾ മാനേജ്‌മെന്റ് ഭാരവാഹികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവരെ പ്രതി ചേർക്കും.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തേവലക്കരയിൽ സ്കൂളിൽ നിന്ന് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ബിഎൻഎസ് 106(1) കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കും. സ്കൂൾ മാനേജ്‌മെന്റ് ഭാരവാഹികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവരെ പ്രതി ചേർക്കും. ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം.

മിഥുൻ്റെ മരണം ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇരുമ്പ് ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ വേണ്ടി ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു.

ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മിഥുന് ജീവനുണ്ടായിരുന്നുവെന്നും അധ്യാപകൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും അധ്യാപകർ പറഞ്ഞു.

ഇന്നലെയാണ് വിളന്തറയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം മിഥുൻ്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ മിഥുന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

SCROLL FOR NEXT