മായയുടെ വീഡിയോയിൽ നിന്നും Source: Facebook
KERALA

"തോറ്റ ഞാൻ ഇങ്ങനെ പ്രതികരിക്കണമെന്നാണ് ചിലരുടെ ആഗ്രഹം"; ട്രോളുമായി കൂത്താട്ടുകുളത്ത് ഇടതു സ്ഥാനാര്‍ഥിയായിരുന്ന മായ. വി

അക്രമികൾ ആഗ്രഹിക്കും പോലെ പേടിച്ച് കരഞ്ഞ് പിൻവാങ്ങില്ലെന്നും മായയുടെ പ്രതികരണം

Author : പ്രണീത എന്‍.ഇ

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിലുള്ള സൈബർ ആക്രമണങ്ങൾക്ക് ചുട്ടമറുപടിയുമായി കൂത്താട്ടുകുളത്തെ ഇടതുസ്ഥാനാർഥിയായിരുന്ന മായ. വി. സൈബർ ആക്രമണത്തിൽ ഭയപ്പെടില്ലെന്നും, അക്രമികൾ ആഗ്രഹിക്കും പോലെ പേടിച്ച് കരഞ്ഞ് പിൻവാങ്ങില്ലെന്നുമാണ് മായയുടെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോക്ക് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്.

കരഞ്ഞുകൊണ്ട് മാപ്പ് പറയുന്ന മായയെയാണ് ആദ്യം വീഡിയോയിൽ കാണുക. എന്നാൽ കുറച്ചുസമയം കൊണ്ട് കഥ മാറും. "ഞാൻ ഇങ്ങനെ കരഞ്ഞുകൊണ്ട് പ്രതികരിക്കണമെന്നാണ് ചിലരുടെ ആഗ്രഹം. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായത്. ജീവിതത്തിൽ ഒരുപാട് തവണ തോറ്റ ഒരാളായതിനാൽ തന്നെ, തോൽവിയിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. പലതിനും മറുപടി പറയാത്തത് എന്നെ സ്നേഹിക്കുന്ന പലരെയും ഓർത്താണ്," മായ വീഡിയോയിൽ പറയുന്നു.

മുഖവും പേരുമില്ലാത്തവർ മാത്രമല്ല ദൈവങ്ങളുടെ പേരിലും ചിലർ തനിക്കെതിരെ തെറിവിളി നടത്തുന്നുണ്ടെന്നും മായ പറയുന്നുണ്ട്. മറ്റുള്ളവരെയും അവരുടെ രാഷ്ട്രീയത്തെയും മതത്തെയും എല്ലാം ബഹുമാനിക്കുന്ന ഒരാളാണ്. തിരിച്ചും അത് വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്.സൈബർ അക്രമികൾ പറയുംപോലെ ഒരു അടിമയല്ല. അടിമയാണെങ്കിൽ നിങ്ങൾ പറയുന്നതിനനുസരിച്ച് തല കുനിച്ച് നിന്നേനെ. തോൽവിയെ അംഗീകരിക്കുന്നുവെന്നും, തലയുയർത്തി തന്നെ ഇനിയും പ്രവർത്തനം തുടരുമെന്നും മായ പറഞ്ഞു.

SCROLL FOR NEXT