കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ കോഴിക്കോട് കോട്ടൂർ പഞ്ചായത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. പഞ്ചായത്ത് രൂപീകരണം മുതൽ ഇടതുപക്ഷം ജയിക്കുന്ന പഞ്ചായത്തിൽ ഇത്തവണ അട്ടിമറി വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേരത്തേയുള്ള സ്ഥാനാർഥി പ്രഖ്യാപനം. എന്നാൽ തുടർ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
കോട്ടൂർ പഞ്ചായത്തിന്റെ രൂപീകരണം മുതൽ തുടർച്ചയായി ഇടതുമുന്നണിയാണ് ജയിക്കുന്നത്. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആദ്യം കളത്തിലിറങ്ങിയിരക്കുകയാണ് യുഡിഎഫ്. പഞ്ചായത്തിലെ 20 സീറ്റുകളിലും സ്ഥാനാർഥിനിർണയം പൂർത്തിയായി. ഇത്തവണ അട്ടിമറി ജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. വർഷങ്ങളായുള്ള ഇടതുമുന്നണിയുടെ തുടർഭരണം ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിന്റെ തുടർച്ചയുണ്ടാക്കിയെന്നാണ് ആക്ഷേപം.
എന്നാൽ ഭരണം തുടരുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. 30 കോടിയുടെ തനത് വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷത്തിനിടെ നടപ്പിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും പശ്ചാത്തല വികസനത്തിലും കോട്ടൂർ പഞ്ചായത്ത് മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയതെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിലയിരുത്തൽ.
നിലവിലുള്ള ഭരണസമിതിയിൽ 19 അംഗങ്ങളിൽ 11 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്, 8 അംഗങ്ങൾ യുഡിഎഫിനും. ഇത്തവണ വാർഡ് വിപുലീകരണത്തിന്റെ ഭാഗമായി ഒരു വാർഡ് കൂടി വർദ്ധിച്ച് 20 വാർഡുകൾ പഞ്ചായത്തിൽ ഉണ്ട്. വികസനവും രാഷ്ട്രീയവും ഒരേപോലെ ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പുകളാണ് കോഴിക്കോട്ടെ മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തിൽ ഉണ്ടാവുക.