കോവളത്ത് ഒരുങ്ങുന്ന പാപ്പാഞ്ഞി Source: News Malayalam 24x7
KERALA

കോവളത്തിനും ഇക്കുറി പാപ്പാഞ്ഞി; പുതുവർഷത്തെ വരവേൽക്കാൻ തലസ്ഥാനവും

പുത്തൻ പുതുവത്സര അനുഭവം സമ്മാനിക്കുന്നതിനായി പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്...

Author : ന്യൂസ് ഡെസ്ക്

കോവളം: തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിക്കുന്നതിനായി പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര്‍ പത്ത് ദിവസങ്ങൾ എടുത്ത് തയ്യാറാക്കിയ കൂറ്റൻ പാപ്പാഞ്ഞിയുടെ രൂപം ഏറെക്കുറെ പണി പൂര്‍ത്തിയായി കഴിഞ്ഞു. 40 അടി ഉയരത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കുട്ടികളെ മുതൽ പ്രായമായവരെ വരെ ആകര്‍ഷിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിൻ്റെ സംഗീത വിരുന്നാണ് മറ്റൊരു ആകര്‍ഷണം. ഇതോടൊപ്പം ഡിജെ പാർട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ഒരുക്കി ആഘോഷത്തിമിർപ്പോടെയുള്ള പുതുവർഷ ഒരുക്കങ്ങൾ ക്രാഫ്റ്റ് വില്ലേജിൽ പൂർത്തിയായി വരികയാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു. ശ്രീപ്രസാദ് പറഞ്ഞു.

പൊതു സന്ദർശന സമയം ഡിസംബര്‍ 31ന് വൈകീട്ട് മൂന്ന് മണി വരെ ആയിരിക്കും. രാത്രി 12 മണി വരെയായിരിക്കും കലാപരിപാടികൾ. പുതുവര്‍ഷം പുലരുമ്പോൾ വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.

കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎൽസിസിഎസ്) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). കരകൗശല പാരമ്പര്യങ്ങൾക്ക് പുറമെ, സാഹിത്യ- ചലച്ചിത്ര മേളകൾ, കലാ പ്രദർശനങ്ങൾ, ഡിസൈൻ ശിൽപശാലകൾ, മ്യൂസിക് ഷോകൾ, ഹാക്കത്തോണുകൾ, ഫുഡ് ഫെസ്റ്റിവലുകൾ, ഫ്ലീ മാർക്കറ്റുകൾ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ഒരു ആഗോള സാംസ്കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.

SCROLL FOR NEXT