തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ പതിമൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ഇടപാടുകാരൻ വെങ്ങാനൂർ സ്വദേശി മിഥുൻ (26) ആണ് പിടിയിലായത്. കോവളത്തെ ആയുർ കേരള എന്ന സ്പായിൽ എത്തിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
രണ്ട് തവണ മിഥുൻ ആയുർ കേരള എന്ന സ്പായിൽ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ കേസിൽ ഇതുവരെ ആകെ പതിമൂന്ന് പേർ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സെപ്റ്റംബര്‍ 21ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ നല്‍കിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ രണ്ട് ആധാര്‍ കാര്‍ഡുകളില്‍ ഒന്നില്‍ പ്രായം 20 എന്നും മറ്റൊന്നില്‍ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടി സ്പായില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തുവന്നത്.
അഞ്ച് ലക്ഷം രൂപയ്ക്കാണ് പതിനാറുകാരിയെ സ്പാ നടത്തിപ്പുകാര്‍ക്ക് വിറ്റതെന്ന വിവരം ന്യൂസ് മലയാളം നേരത്തെ പുറത്ത് കൊണ്ടുവന്നിരുന്നു. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിൻ്റെ ബാങ്ക് രേഖയില്‍ നിന്നാണ് എസ്.ഐ.ടിക്ക് ഈ നിര്‍ണായക വിവരം കിട്ടിയത്. പ്രായപൂര്‍ത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെണ്‍കുട്ടിയെ സ്പായിലെത്തിച്ച അമ്മയുടെ സഹോദരിയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനേയും ആന്ധ്രയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാര്‍ (47), നിഷാന്ത് (46), കിരണ്‍ എന്നിവരും കേസില്‍ അറസ്റ്റിലായി. കഴിഞ്ഞ ജൂണിലാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് പെണ്‍കുട്ടിയെ കോവളത്ത് എത്തിക്കുന്നത്. സ്പാ നടത്തിപ്പുകാരനായ സജിത് പെണ്‍കുട്ടിയുമായി അന്ന് ആലപ്പുഴയിലെ വീട്ടിലേക്ക് എത്തി. ഇവിടെ നിന്ന് കിരണിനൊപ്പമാണ് വയനാട്ടിലേക്ക് കൊണ്ടുപോയത്. പതിനഞ്ചോളം ദിവസം വൈത്തിരിയിലെ സ്പായില്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ വീണ്ടും കോവളത്തേക്ക് എത്തിച്ചത്.