KERALA

കോഴിക്കോട് ഗ്രേഡ് എസ്‌ഐയെ കുത്തിയ പ്രതി ലക്ഷ്യമിട്ടത് മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയെന്ന് സംശയം; പ്രതിക്കതെിരെ കാപ്പ ചുമത്തും

കുത്തേറ്റ ഷാഫിയുമായി മുന്‍ വൈരാഗ്യം ഒന്നുമില്ലെന്നാണ് പ്രതിയുടെ മൊഴി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാഫിയെ പൊലീസ് സ്റ്റേഷന് മുന്നില്‍വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പ്രമോദ് ലക്ഷ്യംവച്ചത് മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയെന്ന് സംശയം. മുമ്പ് മറ്റൊരു കേസില്‍ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ടു ഉദ്യോഗസ്ഥര്‍ നിലവില്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ്. ഇവരെ ആക്രമിക്കാനാണ് പദ്ധതിയിട്ടതെന്നാണ് പൊലീസ് സംശയം.

പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് പ്രതി കത്തി കയ്യില്‍ കരുതിയിരുന്നു. കുത്തേറ്റ ഷാഫിയുമായി മുന്‍ വൈരാഗ്യം ഒന്നുമില്ലെന്നാണ് പ്രതിയുടെ മൊഴി. ചികിത്സയില്‍ കഴിയുന്ന എസ് ഐ ഷാഫിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

പ്രമോദിനെതിരെ കാപ്പ ചുമത്താനുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വെസ്റ്റ് സ്വദേശി പ്രമോദ് നിരവധി കേസുകളില്‍ പ്രതിയാണ്.

കഴിഞ്ഞ ദിവസമാണ് സ്റ്റേഷന് മുന്നില്‍ വച്ച് പുറത്തേക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ പ്രമോദ് കത്തിയെടുത്ത് കുത്തിയത്. സംഭവത്തിന്റെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൡ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുന്ന എസ്‌ഐയെ പ്രതി പിന്നില്‍ നിന്നും വന്ന് വയറിന് കുത്തുന്നതും കാണാം. കത്തി വലിച്ചൂരി വീണ്ടും കുത്താന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ വന്ന് തടയുന്നതും ആളുകള്‍ക്ക് നേരെയും ഇയാള്‍ കത്തി വീശുന്നതും ദൃശ്യങ്ങളില്‍ കാണാം.

SCROLL FOR NEXT