കോഴിക്കോട്: കോടഞ്ചേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ അതിക്രൂരമായി മർദിക്കുകയും, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിക്കുകയും സംഭവത്തിൽ ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശിയായ ഷാഹിദ് റഹ്മാനാണ് പിടിയിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാൻ തന്റെ പങ്കാളിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളിച്ചത്. എട്ട് മാസം ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ നൽകിയില്ല. യുവതിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. പിന്നാലെയാണ് പ്രതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വീട്ടിൽ ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കോടഞ്ചേരി പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പൊലീസ് വിട്ടയച്ചതിന് പിന്നാലെ വീട്ടിലെത്തിയ ഇയാൾ കൂടുതൽ അക്രമാസക്തനാവുകയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു.
യുവതിയുടെ മുഖത്തും ചെവിക്കും കണ്ണിനും മർദനമേറ്റിട്ടുണ്ട്. വായിൽ തുണി തിരുകി ശരീരം മുഴുവൻ പൊള്ളിച്ചു. ശേഷം കഴുത്തിൽ പ്ലാസ്റ്റിക് വയറിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ചതായും യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പ്രതി പുറത്ത് പോയ അവസരത്തിൽ വാതിൽ തുറന്ന് പുറത്തേയ്ക്ക് ഓടി സമീപവാസികളുടെ സഹായത്തോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ആദ്യം കോടഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഒരു വർഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ് കൊണ്ടോട്ടി സ്വദേശിയായ യുവതി. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ലഹരിക്ക് അടിമയായ പ്രതി കഴിഞ്ഞ കുറച്ച് മാസങ്ങളായി മാനസികമായും ശാരീരികമായും തന്നെ ഉപദ്രവിക്കുന്നതായും യുവതി വെളിപ്പെടുത്തി. കോടഞ്ചേരി പ്രദേശത്ത് എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഷാഹിദ് റഹ്മാൻ നേരത്തെ തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയാണ്.
ഒരാഴ്ച മുമ്പാണ് ഷാഹിദ് റഹ്മാൻ തന്റെ മാതാവിനെ ആക്രമിക്കുകയും വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തത്. മാതാവ് ഇപ്പോൾ മകളുടെ വീട്ടിലാണ് താമസം. ഷാഹിദ് റഹ്മാന്റെ കൈവശം എപ്പോഴും മാരക ആയുധങ്ങൾ ഉണ്ടാവാറുണ്ടെന്നും യുവതി പറയുന്നു. വധശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഷാഹിദ് റഹ്മാനെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.