Source: News Malayalam 24x7
KERALA

കോഴിക്കോട് യുവാവിനും തിരുവനന്തപുരത്ത് വയോധികനും പാമ്പുകടിയേറ്റു; കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടി

കുറ്റ്യാടിയിൽ കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വെള്ളിക്കെട്ടൻ ഇനത്തിലുള്ള വിഷപ്പാമ്പിനെ ആദ്യം കണ്ടത്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും രണ്ട് പേർക്ക് കൂടി പാമ്പുകടിയേറ്റു. കോഴിക്കോടും തിരുവനന്തപുരത്തുമാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് പൂനൂർ സ്വദേശി 22കാരൻ മുഹമ്മദ് അൻസാറിനാണ് പാമ്പുകടിയേറ്റത്. യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം ചിറയിൻകീഴിൽ വയോധികനാണ് പാമ്പുകടിയേറ്റത്. പെരുംകുഴി സ്വദേശി ഭുവനചന്ദ്രൻ (64) നാണ് കടിയേറ്റത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രി എത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം, കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി. മീത്തൽ സ്വദേശി രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വെള്ളിക്കെട്ടൻ ഇനത്തിലുള്ള വിഷപ്പാമ്പിനെ ആദ്യം കണ്ടത്. പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 23 പാമ്പ് കടിയേറ്റ കേസുകളാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പാമ്പ് കടിയേറ്റതായി സംശയിക്കുന്നത് ഒൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 108 ആംബുലൻസ് സർവീസ് വഴിയുള്ള കണക്കാണിത്.

ഏറ്റവും കൂടുതൽ പാമ്പുകടി കേസുകളുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് മൂന്നും പത്തനംതിട്ടയിൽ രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT