സംസ്ഥാനം പാമ്പുഭീതിയിൽ; ഇന്നലെ മാത്രം 23 പാമ്പുകടിയേറ്റ കേസുകൾ

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 23 പാമ്പ് കടിയേറ്റ കേസുകൾ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പാമ്പ് കടിയേറ്റതായി സംശയിക്കുന്നത് ഒൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 108 ആംബുലൻസ് സർവീസ് വഴിയുള്ള കണക്കാണിത്.

ഏറ്റവും കൂടുതൽ പാമ്പുകടി കേസുകളുള്ള കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് മൂന്നും പത്തനംതിട്ടയിൽ രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു.

പാമ്പ് കടിയേറ്റതായി സംശയിക്കുന്ന ഒൻപത് കേസുകളാണുള്ളത്. കൊല്ലത്തും കോഴിക്കോടും രണ്ട്, കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തു.

പ്രതീകാത്മക ചിത്രം
ആശങ്കയൊഴിയാതെ..! സംസ്ഥാനത്ത് വീണ്ടും ആറ് പേർക്ക് കൂടി പാമ്പുകടിയേറ്റു

പ്രധാന മുൻകരുതലുകൾ

- വീടിനോട് ചേർന്നുള്ള പുൽക്കാടുകൾ, കരിയിലക്കൂട്ടങ്ങൾ, വിറക് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങൾ എന്നിവ കൃത്യമായി വൃത്തിയാക്കുക. വീടിന്റെ വാതിലുകൾക്കും ജനാലകൾക്കും താഴെയുള്ള വിടവുകൾ അടയ്ക്കുക.

- ചൂട് കാരണം ജനലുകൾ തുറന്നിടുമ്പോൾ നെറ്റുകൾ ഉപയോഗിക്കുന്നത് പാമ്പുകൾ ഉള്ളിൽ കടക്കുന്നത് തടയാൻ സഹായിക്കും. കിണറ്റിൽ നിന്നും വെള്ളം കോരുന്നതിന് മുൻപ് കയറിലോ കപ്പിയിലോ പാമ്പോ മറ്റ് ഇഴജന്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

- ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് എലികളെ ആകർഷിക്കും. എലികളെ തേടി പാമ്പുകൾ വീടിനുള്ളിൽ എത്താൻ ഇത് കാരണമാകും.

- രാത്രിയിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ച് കരുതുക. ഹെൽമെറ്റ്, ഷൂസ്, ചെരുപ്പുകൾ എന്നിവ വീടിന് പുറത്ത് അഴിച്ചു വയ്ക്കുന്നവർ അവ ധരിക്കുന്നതിന് മുമ്പ് പാമ്പുകൾ കയറിയിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നന്നായി കുടഞ്ഞു നോക്കുക. വാഹനങ്ങളിൽ ഇഴ ജന്തുക്കൾ കയറിയിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

- വേനൽക്കാലത്ത് തറയിൽ പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളിക്കട്ടൻ പോലുള്ള പാമ്പുകൾ തണുപ്പ് തേടി കിടക്കയിലേക്ക് വരാൻ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം. വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികൾക്കിടയിൽ നനവും തണുപ്പും ഉള്ളതിനാൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.

പ്രഥമ ശുശ്രൂഷ

ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുളള പ്രഥമ ശുശ്രൂഷയാണ് പ്രാഥമിക ലക്ഷ്യം.

പാമ്പ് കടിയേറ്റെന്ന് മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ ചെയ്യരുത്. പേടിച്ചാൽ രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. ശരീരം അനക്കരുത്. സൗകര്യപ്രദമായി ഇരുത്തുക. ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചു കിടത്തുക.

കടിയേറ്റ വ്യക്തിയെ ഒരു നിരപ്പായ പ്രതലത്തിൽ കിടത്തുക. മുറിവിൽ അമർത്തുകയോ മുറിവുണ്ടാക്കി രക്തം കളയാൻ ശ്രമിക്കുകയോ ചെയ്യരുത്. മുറിവിന്  മുകളിലായി കയറോ, തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിന് കാരണമാകും.

കടിയേറ്റ ആളെ എത്രയും വേഗം ആന്റി സ്നേക്ക് വെനം ലഭ്യമായ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. പാമ്പുകടിയേറ്റാൽ ശാസ്ത്രീയ ചികിത്സാരീതികൾ മാത്രം പിന്തുടരുക.

ശംഖുവരയൻ പാമ്പിന്റെ കടി പലപ്പോഴും വേദനയില്ലാത്തതാണ്. സാധാരണയായി രാത്രിയിൽ നിലത്തു കിടന്നുറങ്ങുന്നവരെയാണ് ഇത് കടിക്കാറുള്ളത്. മിക്കവാറും കടിക്കുന്ന ഭാഗത്ത് വീക്കമോ ചുവന്ന നിറമോ ഉണ്ടാകാറില്ല. പല്ലുകൾ വളരെ ചെറുതായതിനാൽ കടിയേറ്റ പാട് ഒരു കൊതുക് കടിച്ചതുപോലെയോ അല്ലെങ്കിൽ ഒട്ടും കാണാൻ കഴിയാത്ത വിധത്തിലോ ആയിരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com