KERALA

മറ്റത്തൂർ കൂട്ടക്കൂറുമാറ്റം: സമാന്തര അനുനയ നീക്കവുമായി കെപിസിസി; ടി.എം. ചന്ദ്രനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി റോജി എം. ജോൺ എംഎൽഎ

ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും കെപിസിസി തീരുമാനം വരെ രാജിവെക്കില്ലെന്നും വിമത നേതാവ് ടി.എം. ചന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ലിൻ്റു ഗീത

തൃശൂർ: മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റ വിവാദം കൈവിട്ടുപോയതോടെ സമാന്തര അനുനയ നീക്കവുമായി കെപിസിസി. സണ്ണി ജോസഫിൻ്റെ നിർദേശത്തിന് പിന്നാലെ വിമത നേതാക്കളുമായി റോജി എം. ജോൺ എംഎൽഎ ചർച്ച നടത്തി. മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രനടക്കമുള്ള നേതാക്കൾ അങ്കമാലിയിലെത്തിയാണ് റോജി എം. ജോൺ എംഎൽഎമായി ചർച്ച നടത്തിയത്. ഡിസിസിയുടെ അച്ചടക്കം നടപടി നിലനിൽക്കെയാണ് കെപിസിസിയുടെ സമാന്തര ഇടപെടൽ. ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും കെപിസിസി തീരുമാനം വരെ രാജിവെക്കില്ലെന്നും വിമത നേതാവ് ടി.എം. ചന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

നേരത്തെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ടി.എം. ചന്ദ്രനുമായി സംസാരിച്ചിരുന്നു. ബിജെപിക്ക് പിന്തുണ നൽകിയതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് നിന്ന് പുറത്താക്കിയ മറ്റത്തൂർ പഞ്ചായത്തിലെ നേതാക്കന്മാർ ഇന്നലെ രാത്രിയിൽ യോഗം ചേർന്നിരുന്നു. യോഗത്തിനിടയിലാണ് സണ്ണി ജോസഫുമായി ടി.എം. ചന്ദ്രൻ സംസാരിച്ചത്. ഡിസിസിയുടെ തെറ്റായ നടപടികളും തീരുമാനങ്ങളുമാണ് മറ്റത്തൂരിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് ചന്ദ്രൻ വ്യക്തമമാക്കിയത്.

കെപിസിസിയോടെ കാര്യങ്ങൾ ചർച്ച ചെയ്യുകയുള്ളുവെന്ന് നേരത്തെ തന്നെ ചന്ദ്രൻ വ്യക്തമാക്കിയിരുന്നു. സണ്ണി ജോസഫുമായി സംസാരിച്ചതോടെയാണ് അനുനയനീക്കങ്ങൾക്ക് വഴി തെളിഞ്ഞത്. എസ്ഡിപിഐ പിന്തുണയിൽ ചൊവ്വന്നൂരിൽ ഭരണം പിടിച്ചതിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗം വർഗീസ് ചൊവ്വന്നൂരിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയ വിവരം അറിഞ്ഞില്ലെന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്നുമാണ് വർഗീസ് വ്യക്തമാക്കിയത്. കൂടാതെ എസ്ഡിപിഐ പിന്തുണയിൽ കോൺഗ്രസ് സംഘം പഞ്ചായത്ത് പ്രസിഡൻ്റായ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും വർഗീസ് ചൊവ്വന്നൂർ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT