സണ്ണി ജോസഫ്, എൻ.എം. വിജയന്റെ മരുമകൾ പത്മജ Source: News Malayalam 24x7
KERALA

"പണമില്ല, ഇതുവരെ സഹായിച്ചത് വിശാലമനസ്കതയുടെ അടിസ്ഥാനത്തിൽ"; ആരോപണങ്ങളിൽ സണ്ണി ജോസഫ്

പാർട്ടി എൻ.എം. വിജയൻ്റെ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും, മുൻപ് സഹായിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വയനാട്: മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ മുഴുവൻ പാർട്ടിക്ക് നിർവഹിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. കുടുംബവുമായി ഉണ്ടാക്കിയ കരാർ ആരംഭത്തിൽ തന്നെ തെറ്റാണ്. അങ്ങനെയൊരു കരാറേ നിലവിലില്ല. ഒരു കോൺഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.

രണ്ടരക്കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇത് വീട്ടാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വ വഞ്ചിച്ചുവെന്നുമുള്ള ആരോപണവുമായി എൻ.എം. വിജയൻ്റെ മരുമകൾ പത്മജ രംഗത്തെത്തിയിരുന്നു. ഇന്ന് അവർ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെയാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം. പാർട്ടി എൻ.എം. വിജയൻ്റെ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും, മുൻപ് സഹായിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.

കോൺഗ്രസ് ധനസഹായം നൽകിയത് കരാറിന്റെയും കേസിന്റെയും അടിസ്ഥാനത്തിൽ അല്ല. മറിച്ച് ഒരു കോൺഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ്. വിജയൻ്റെ കുടുംബത്തെ പരമാവധി സഹായിക്കുക എന്നുള്ളതാണ് കോൺഗ്രസിന്റെ ആഗ്രഹം. എന്നാൽ കുടുംബം ആഗ്രഹിക്കും വിധം സഹായം നൽകാൻ കോൺഗ്രസിന്റെ കയ്യിൽ പണമില്ലെന്ന് സണ്ണി ജോസഫ് പറയുന്നു. കോൺഗ്രസ് ഇപ്പോൾ പൈസ ഉണ്ടാക്കുന്നത് പഞ്ചായത്ത് ഇലക്ഷന് വേണ്ടിയാണെന്നും കെപിസിസി പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

അതേസമയം പത്മജയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കുടുംബത്തോടെ മനുഷ്യരെ കൊന്നൊടുക്കുകയാണ് കോൺഗ്രസെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിൻ്റെ വിമർശനം. എൻ.എം. വിജയൻ്റെ കുടുംബം എന്തു വേണമെങ്കിലും ചെയ്തോട്ടെ എന്നാണ് നേതാക്കളുടെ ഭാവമെന്ന് പ്രശാന്ത് ആരോപിച്ചു.എൻ.എം. വിജയൻ്റെ മരുമകൾ കോൺഗ്രസ് നേതൃത്വത്തിന് നിരവധി തവണ അപേക്ഷകൾ നൽകിയെന്നും ഗ്രൂപ്പ് പോരിൻ്റെ ബാക്കി പത്രം എന്ന നിലയിൽ കുടുംബത്തോടെ ആളുകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും ആരോപണം. കോൺഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

എൻ.എം. വിജയൻ്റെ മരണത്തിന് പിന്നാലെ കോൺഗ്രസ് നൽകിയ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായെന്നായിരുന്നു പത്മജ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണെന്നും പത്മജ പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിനോടുണ്ടായിരുന്ന വിശ്വാസം പൂർണമായും നഷ്ടമായെന്നും പത്മജ പറഞ്ഞു.

45 ഉദ്യോഗാർഥികൾക്ക് വേണ്ടിയാണ് പട്ടയം പണയം വെച്ചതെന്ന് മരണത്തിന് മുൻപായി എൻ.എം. വിജയൻ എഴുതിയ കത്തിൽ പറയുന്നുണ്ട്. പട്ടയം വെച്ച സ്ഥലം കോൺഗ്രസ് എടുത്തു തന്നേ പറ്റൂ. നിലവിൽ രണ്ടരക്കോടിയുടെ ബാധ്യതയാണ് ഉള്ളത്. സംഭവത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്നും പത്മജ വ്യക്തമാക്കി.

SCROLL FOR NEXT