പി.കെ. ശശി, സന്ദീപ് വാര്യർ  NEWS MALAYALAM 24x7
KERALA

'മണ്ണാര്‍ക്കാട്ടങ്ങാടിയില്‍ പാര്‍ട്ടി ഓഫീസ് ഉണ്ടാക്കിയതും ബിലാല്‍ ആയിരുന്നു'; പി.കെ ശശിയെ അനുകൂലിച്ച് സന്ദീപ് വാര്യര്‍

"ഉത്സവം നടത്തണമെന്ന് ജഗന്നാഥന്‍ തീരുമാനിക്കേണ്ട താമസമേയുള്ളൂ. തീരുമാനിച്ചാല്‍ പിന്നെ ബാക്കി ഞങ്ങള്‍ നോക്കും" എന്നും സന്ദീപ് വാര്യർ

Author : ന്യൂസ് ഡെസ്ക്

പി.കെ. ശശിക്കെതിരെ സിപിഐഎം ശക്തമായി രംഗത്തെത്തിയതിനു പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ച് കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പിന്തുണ. ശശിക്കെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തെ പരിഹസിച്ചാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസ് ഉണ്ടാക്കിയത് പി.കെ ശശിയാണെന്ന് പോസ്റ്റില്‍ പറയുന്നു. അന്ന് ബിലാല്‍ ആറാം തമ്പുരാനായിരുന്നുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആ പാര്‍ട്ടി ഓഫീസ് മണ്ണാര്‍ക്കാടങ്ങാടിയില്‍ ഉണ്ടാക്കിയതും ബിലാല്‍ ആയിരുന്നു. അന്ന് ബിലാല്‍ നിങ്ങള്‍ക്ക് ആറാം തമ്പുരാനായിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍. ഉത്സവം നടത്തണമെന്ന് ജഗന്നാഥന്‍ തീരുമാനിക്കേണ്ട താമസമേയുള്ളൂ. തീരുമാനിച്ചാല്‍ പിന്നെ ബാക്കി ഞങ്ങള്‍ നോക്കും. കൊടിയേറിയിട്ടുണ്ടെങ്കില്‍ ഉത്സവം നടക്കും. നടത്തും.

കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ശശിയെ സ്വാഗതം ചെയ്തുള്ള സൂചനയും ഒളിപ്പിച്ചാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. അതേസമയം, ശശിയെ സ്വീകരിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലും അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയാണ്.

പി. കെ. ശശിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍ രംഗത്തെത്തിയിരുന്നു. 'നാറിയവനെ പേറിയാല്‍ പേറിയവനും നാറും' എന്ന തലക്കെട്ടോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്. സ്ത്രീകളെ അപമാനിച്ചവര്‍ക്ക് ഒളിക്കാനുള്ള ഒളിത്താവളം അല്ല കോണ്‍ഗ്രസ് എന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയതോടെയാണ് പി.കെ. ശശി കോണ്‍ഗ്രസിലെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചൂടുപിടിക്കുന്നത്.

പി. കെ. ശശിയെ പൂര്‍ണ്ണമായും തഴഞ്ഞായിരുന്നു മണ്ണാര്‍ക്കാട് ഇന്ന് നടന്ന സിപിഐഎം പ്രകടനം. ബിലാലുമാരുടെ ചെരുപ്പ് നക്കികള്‍ സിപിഐഎമ്മിനു നേരെ വന്നാല്‍ തച്ചു തകര്‍ക്കുമെന്നായിരുന്നു മുദ്രാവാക്യം. ബിലാലല്ല പടക്കം ബഷീര്‍ മാത്രമാണെന്ന് മണ്ണാര്‍ക്കാട്ടെ ജനങ്ങള്‍ക്ക് മനസിലായെന്ന് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗം പി എം ആര്‍ഷോ പറഞ്ഞു.

SCROLL FOR NEXT