'നാറിയവനെ പേറിയാൽ പേറിയവനും നാറും'; പി.കെ. ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

പീഡനാരോപണം നേരിടുന്നവർക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകരുതെന്നും ദുൽഖിഫിൽ പറയുന്നു
PK Sasi, Dulkhifil Vp, വി.പി ദുൽഖിഫിൽ , പി.കെ. ശശി, CPIM, Youth Congress
വി. പി. ദുൽഖിഫിൽ, ഫേസ്ബുക്ക് പോസ്റ്റ്Source: Facebook/ Dulkhifil VP
Published on

കെടിഡിസി ചെയര്‍മാന്‍ പി. കെ. ശശിയെ പാർട്ടിയിലേക്ക് ക്ഷണിച്ചതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ. 'നാറിയവനെ പേറിയാൽ പേറിയവനും നാറും' എന്ന തലക്കെട്ടോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്. സ്ത്രീകളെ അപമാനിച്ചവർക്ക് ഒളിക്കാനുള്ള ഒളിത്താവളം അല്ല കോൺഗ്രസ് എന്നും ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയതോടെയാണ് പി.കെ. ശശി കോൺഗ്രസിലെത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ ചൂടുപിടിക്കുന്നത്. എന്നാൽ ഇത്തരം വാർത്തകൾ പോലും പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് യൂത്ത് കോൺഗ്രസ് സെക്രട്ടറി വി.പി. ദുൽഖിഫിൽ ഫേസ്ബുക്കിൽ കുറിച്ചത്.

സ്ത്രീപീഡന ആരോപണം നേരിടുന്നവർക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകരുതെന്നും പോസ്റ്റിൽ ദുൽഖിഫിൽ പറയുന്നു. ഇത്തരം വാർത്തകൾ പൊതുമാധ്യമത്തിൽ ചർച്ച ചെയ്ത്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിൻ്റെ പ്രത്യാഘാതം കുറയ്ക്കാനുള്ള ഇടതുപക്ഷത്തിൻ്റെ രക്ഷാപ്രവർത്തനമാണിതെന്നും ദുൽഖിഫിൽ ആരോപിച്ചു.

PK Sasi, Dulkhifil Vp, വി.പി ദുൽഖിഫിൽ , പി.കെ. ശശി, CPIM, Youth Congress
ഏത് ബിലാല്‍ പറഞ്ഞാലും മണ്ണാര്‍ക്കാട് പഴയ മണ്ണാര്‍ക്കാടല്ല; പി.കെ. ശശിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ

അതേസമയം കോൺഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് പി.കെ. ശശി. സിപിഐഎം പ്രവർത്തകനായ തന്നോട് സിപിഐഎമ്മിലുണ്ടോയെന്ന് ചോദിക്കുന്നത് ശരിയല്ലെന്നാണ് പി.കെ. ശശിയുടെ വാദം. എതെങ്കിലും ആപ്പയോ ഊപ്പയോ പറയുന്നത് കേൾക്കേണ്ട കാര്യമില്ലെന്നും സിപിഐഎം പ്രാദേശിക നേതൃത്വത്തിലെ ഒരു ഭാഗത്തിനെതിരെ ഒളിയമ്പെയ്തുകൊണ്ട് പി.കെ. ശശി പറഞ്ഞു. അതേസമയം കോൺഗ്രസിൽ വരാൻ പി.കെ. ശശിക്ക് അയോഗ്യത ഇല്ലെന്ന് തുറന്ന് പറഞ്ഞ് വി.കെ. ശ്രീകണ്ഠൻ എംപിയും രംഗത്തെത്തി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

നാറിയവനെ പേറിയാൽ പേറിയവനും....?

സി.പി.എമ്മിലെ സഹപ്രവർത്തക നൽകിയ പീഡന പരാതിയുടെ ഭാഗമായി പാർട്ടി അന്വേഷണത്തിൽ പീഡന പരാതി കള്ളമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയനാവുകയും ചെയ്ത പാലക്കാട് ജില്ലയിലെ സി.പി.എം നേതാവായ പി കെ ശശി യുഡിഎഫിലേക്ക് എന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്ത യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഉള്ളതാണ് എന്നതിൽ സംശയമില്ല. പി. കെ ശശി കോൺഗ്രസിൽ വരാൻ താത്പര്യപ്പെടുകയോ,കോൺഗ്രസിലേക്ക് ആരെങ്കിലും ക്ഷണിക്കുക ചെയ്തിട്ടുണ്ടെങ്കിൽ അത് ദൗർഭാഗ്യകരമാണ് എന്ന് മാത്രമല്ല ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ്കാരനും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. സ്ത്രീകളെ അപമാനിച്ചവർക്ക് ഒളിക്കാനുള്ള ഒളിത്തവളമല്ല കോൺഗ്രസ്.ഇത്തരം വാർത്തകൾ പൊതുമാധ്യമത്തിൽ ചർച്ച ചെയ്യുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ 9 വർഷത്തെ ദുർഭരണം ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അനിവാര്യമായ പരാജയത്തിന്റെ പ്രത്യാഘാതം കുറക്കാനുള്ള രക്ഷാപ്രവർത്തനമാണ്, ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിനെ തിരിച്ചറിയാൻ നമുക്കു സാധിക്കേണ്ടതുണ്ട് എന്ന് മാത്രമല്ല പി.കെ.ശശിയെ പോലെ സ്ത്രീ പീഡന ആരോപണം നേരിടുന്നവർക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവരുത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com