ഇടുക്കി: സിവിൽ സപ്ലൈസ് ഗോഡൗണിൽ അരിച്ചാക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ജില്ലയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങുമെന്ന് ആശങ്ക. പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടറുടെ കാര്യാലയത്തിന് മുമ്പിൽ കെപിഎസ്ടിഎ അധ്യാപകർ കാലിച്ചാക്ക് പ്രതിഷേധം സംഘടിപ്പിച്ചു.
ഉച്ചഭക്ഷണത്തിനായി പാത്രങ്ങൾക്ക് മുമ്പിൽ എത്തുന്ന കുരുന്നുകൾക്ക് വേണ്ടിയാണ് അവരുടെ അധ്യാപകർ കാലിച്ചാക്ക് സമരവുമായി രംഗത്തെത്തിയത്. സ്കൂളുകളിൽ നടപ്പാക്കിവരുന്ന ഉച്ചഭക്ഷണ പദ്ധതിയാണ് ഇടുക്കിയിൽ അവതാളത്തിലാകുന്നത്. സിവിൽ സപ്ലൈസ് ഗോഡൗണിൽ അരിച്ചാക്ക് ഇറക്കുന്നതിനെചൊല്ലി കരാറുകാരനും തൊഴിലാളികളും തമ്മിലുള്ള കൂലിതർക്കത്തെ തുടർന്നാണ് പ്രതിസന്ധി. ജൂലൈ മാസം ഒന്നാം തീയതി ലഭിക്കേണ്ട സ്കൂൾ ഉച്ചഭക്ഷണത്തിലുള്ള അരി മാസാവസാനമായിട്ടും ലഭ്യമായിട്ടില്ലെന്ന് പ്രത്യക്ഷ സമരത്തിനിറങ്ങിയ പ്രധാനാധ്യാപകർ പറയുന്നു .
ഇടുക്കി വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടറുടെ കാര്യാലയത്തിന് മുമ്പിലാണ് പ്രതിഷേധം നടന്നത്. സർക്കാരോ ജില്ലാ ലേബർ ഓഫീസറോ വിദ്യാഭ്യാസ ഉപഡയറക്ടറോ വിഷയത്തിൽ വേണ്ടവിധം ഇടപെടുന്നില്ലെന്ന് അധ്യാപകർ പറയുന്നു .
പൊതുവിപണിയിൽ നിന്ന് അരി വാങ്ങിയും സുമനസുകളെ സമീപിച്ചുമാണ് പല സ്കൂളുകളും ഇതുവരെ ഉച്ചഭക്ഷണം മുടങ്ങാതെ കൊണ്ടുപോയത്. അതല്ലാതെ മറ്റു മാർഗങ്ങളിലില്ലെന്ന് അധ്യാപകർ പറയുന്ന.. സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണ മെനു സംബന്ധിച്ച ചർച്ചകൾക്കിടെയാണ് വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ നിരത്തിൽ സമരവുമായി ഇറങ്ങുന്ന അധ്യാപകരെ കാണുന്നത് .