തൃശൂർ: ചിമ്മിനി ഡാമിൽ വൈദ്യുതി കമ്പിയിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ വിചിത്ര വാദവുമായി കെഎസ്ഇബി. ലൈൻ കമ്പി തങ്ങളുടേതല്ലെന്നാണ് കെഎസ്ഇബിയുടെ വാദം. മരം മുറിക്കുന്നതിനു മുന്നോടിയായി ലൈൻ കമ്പി മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട നാട്ടുകാരോടായിരുന്നു കെഎസ്ഇബിയുടെ പ്രതികരണം.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളി മരിച്ചത് ഉദ്യോഗസ്ഥ വീഴ്ചയിൽ എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രണ്ടുദിവസമായി വീണ് കിടന്ന മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെഎസ്ഇബി മുറിച്ചുമാറ്റിയില്ല. പിന്നീട് വനംവകുപ്പിന്റെ നിർദേശാനുസരണം മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
വൈദ്യുതി കമ്പിയിലേക്ക് വീണുകിടന്നിരുന്നു മരം മുറിക്കുന്നതിനിടെയാണ് മരത്തടി ദേഹത്ത് വീണ് എച്ചിപ്പാറ ചക്കുങ്ങൽ വീട്ടിൽ അബ്ദുൽഖാദർ മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.15 ഓടെയായിരുന്നു അപകടം. മരം കമ്പിയിൽ വീണ് താഴ്ന്നതോടെ മേശയിൽ കയറി നിന്ന് മുറിച്ചുമാറ്റിയ ശേഷം ഇറങ്ങുന്നതിനിടെ കമ്പിയിൽ കുടുങ്ങി നിന്ന തടി ഖാദറിൻ്റെ തലയിൽ വന്നിടിക്കുകയായിരുന്നു.
ഡാമിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഭീഷണിയായി നിന്ന മരമായിരുന്നു ഇത്. വനംവകുപ്പിന്‍റെ ഇഡിസി അംഗം കൂടിയാണ് മരിച്ച അബ്ദുൽഖാദർ. കെഎസ്ഇബി, വനംവകുപ്പുകളുടെ വീഴ്ചയാണ് ജീവൻ പൊലീയാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.