തിരുവനന്തപുരം: കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് കെ.എസ്. ശബരീനാഥൻ. പാർട്ടി നൽകിയ അവസരം സ്നേഹപൂർവം സ്വീകരിക്കുന്നു. എവിടെ പോയാലും ഞാൻ തിരുവനന്തപുരത്തുകാരനാണ്. അരുവിക്കര എംഎൽഎ ആയിരിക്കുമ്പോൾ പോലും താമസം ഇവിടെയായിരുന്നു. തിരുവനന്തപുരത്തെ സുസ്ഥിര നഗരമായി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും കെ.എസ്. ശബരീനാഥൻ പറഞ്ഞു.
"25ാം നമ്പർ വാർഡിൽ മത്സരിക്കാനുള്ള ഉത്തരവാദിത്തം പാർട്ടി ഏൽപ്പിച്ചിരിക്കുകയാണ്. ഉള്ളിനുള്ളിൽ ഞാനൊരു പാർട്ടിക്കാനാണ്. പാർട്ടി എന്ത് ഏൽപ്പിച്ചാലും ചെയ്യും. പാർട്ടി വിളിച്ചിട്ടാണ് ആദ്യം വന്നത്. രണ്ട് തവണ എംഎൽഎ ആയി. 51 സീറ്റ് നേടി കോൺഗ്രസിന് ഇവിടെ ജയിക്കാൻ കഴിയുമെന്ന് വിശ്വാസം ഉണ്ട്. വിജയിക്കാൻ കോൺഗ്രസിന് വേരോട്ടമുള്ള നാടാണിത്. മികച്ച പാനൽ ആണ് കോൺഗ്രസ് മുന്നോട്ട് വച്ചത്. കോൺഗ്രസിനെ വിജയിപ്പിക്കുന്നത് സാധാരണക്കാരാണ്. കോൺഗ്രസിന്റെ സ്ലീപ്പർ സെല്ലുകൾ എന്ന ചാലകശക്തി കോൺഗ്രസിനെ ജയിപ്പിക്കും", കെ.എസ്. ശബരീനാഥൻ.
യുഡിഎഫ് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചത് ബിജെപിയുമായുള്ള ധാരണ പ്രകാരം എന്ന വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കും ശബരീനാഥൻ മറുപടി പറഞ്ഞു. യുഡിഎഫിന് വേണ്ടിയാണ് താൻ മത്സരിക്കുന്നത്. ശിവൻകുട്ടിയും മേയറായിരുന്നല്ലോ. ബിജെപി ധാരണയെപ്പറ്റി പറയാൻ ശിവൻകുട്ടിയാണ് നല്ലത്. പിഎം ശ്രീ ഒപ്പിട്ടത് താനോ എം.വി. ഗോവിന്ദനോ അല്ല. ശിവൻകുട്ടിയാണെന്നും കെ.എസ്. ശബരീനാഥൻ പരിഹസിച്ചു.