

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിന് പിന്തുണയറിയിച്ച് മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ. ശബരീനാഥിനെ മേയർ സ്ഥാനാർഥിയായി ഉയർത്തി കാട്ടിക്കൊണ്ടുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനത്തിന് പിന്തുണയറിയിച്ചു കൊണ്ടുള്ള ശബരീനാഥിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്..
കെ.എസ്. ശബരീനാഥൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം...
2015 മെയ് മാസം അവസാനം ടാറ്റാ ട്രസ്റ്റിൻ്റെ ഒരു സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കുവാൻ വേണ്ടി മുംബൈയിൽ നിന്ന് ഡൽഹിയിൽ യാത്ര ചെയ്യാൻ ഒരുങ്ങുമ്പോഴാണ് നാട്ടിലേക്ക് ഉടനെ തിരികെ വരണം എന്ന് പറഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടി സാറും ശ്രീ രമേശ് ചെന്നിത്തലയും ശ്രീ VM സുധീരനും ഒരു ഫോണിൽ എന്നെ വിളിക്കുന്നത്. അന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകാൻ സമ്മതം മൂളിയത് വ്യക്തിപരമായ കാര്യങ്ങൾ പരിഗണിച്ചല്ല പക്ഷേ കോൺഗ്രസ് പാർട്ടിയോടുള്ള വൈകാരിക ബന്ധവും അതിനോടൊപ്പം എൻ്റെ സ്വന്തം നാടിനുവേണ്ടി പ്രവർത്തിക്കണം എന്നുള്ള അതിയായ ആഗ്രഹവുമായിരുന്നു.
പതിനൊന്നു വർഷങ്ങൾക്ക് ശേഷം സംഘടനപ്രവർത്തനത്തിൻ്റെയും പാർലിമെൻ്ററി പരിചയത്തിൻ്റെയും അനുഭവസമ്പത്തോടെ നിൽക്കുന്ന ഈ ഘട്ടത്തിൽ പാർട്ടി എന്നെ ഒരു പുതിയ ദൗത്യം ഏൽപ്പിക്കുകയാണ്.തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ഞാൻ മത്സരിക്കുമ്പോൾ ഇപ്പോഴും എന്നെ നയിക്കുന്നത് കേരളത്തിനോടും തിരുവനന്തപുരത്തിനോടുമുള്ള അടങ്ങാത്ത സ്നേഹവും അതിനോടൊപ്പം കോൺഗ്രസ് ആദർശങ്ങളിലെ വിശ്വാസവുമാണ്.
ഈ ഉദ്യമത്തിൽ നിങ്ങളുടെ എല്ലാവരുടെയും സഹായവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തിൽ ഒറ്റക്കെട്ടായി ഞങ്ങൾ തുടങ്ങുകയാണ്....
വരും ദിവസങ്ങളിൽ കൂടുതൽ എഴുതാം,സംവദിക്കാം,കാണാം.
ശബരി
കെഎസ്‌യു-യൂത്ത് കോൺഗ്രസ്-മഹിളാ കോൺഗ്രസ് അടക്കം പോഷക സംഘടനകൾക്ക് കൃത്യമായ പ്രാതിനിധ്യം നൽകിയാണ് ഇത്തവണ കോൺഗ്രസ് 48 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.