ഇടുക്കി പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ടണൽ മുഖത്തെ ഡിസൈനിൽ പാളിച്ച ഉണ്ടായെന്ന ന്യൂസ് മലയാളം വാർത്ത ശരിവെച്ച് കെഎസ്ഇബി. പള്ളിവാസൽ വിപുലീകരണ പദ്ധതി ഉടൻ കമ്മീഷൻ ചെയ്യുമെന്ന വാർത്താകുറിപ്പിലാണ് വിശദീകരണം. ഭീമമായ നഷ്ടം ഉണ്ടാക്കിയ പിഴവ് നീക്കി വൈദ്യുതി ഉത്പാദനം പൂർണ തോതിലാക്കുമെന്നും കെഎസ്ഇബി വാർത്താകുറിപ്പിൽ വ്യക്തമാക്കി. 60 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ കൊണ്ടുവന്ന ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽ പാളിച്ച ഉണ്ടായെന്ന് മെയ് 17 നായിരുന്നു ന്യൂസ് മലയാളം വാർത്ത നൽകിയത്.
വൈദ്യുതി ഉത്പാദനത്തിനായി വെള്ളം കടന്നു ചെല്ലേണ്ട ടണൽ മുഖത്തെ ഡിസൈനിലാണ് പാളിച്ച ഉണ്ടായത്. ഡിസൈനിലെ ചെരിവ് മൂലം മൂന്നാർ മുതിരപ്പുഴയാറിലെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യവും തടി കഷ്ണങ്ങളും ഹോട്ടൽ മാലിന്യവും അടക്കം ടണൽ മുഖത്ത് അടിയുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. ഇതോടെ വേണ്ടവിധം ജലം എത്താത്തതിനാൽ വൈദ്യുതി ഉത്പാദനം നേർപകുതി മാത്രമാണ് ഉള്ളത്. കോടി കണക്കിന് രൂപയുടെ വൈദ്യുതിയാണ് ഇതോടെ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നത്. ഈ പിഴവ് ശരിവെച്ചുകൊണ്ടാണ് കെഎസ്ഇബിയുടെ വാർത്താകുറിപ്പ് പുറത്തുവന്നത്. പദ്ധതി കമ്മീഷനിങ് സെപ്റ്റംബർ മാസം ഉണ്ടാകുമെന്ന കുറിപ്പിലാണ് കെഎസ്ഇബി പദ്ധതി പിഴവ് എടുത്തുപറയുന്നത്.
286.1 കോടി രൂപ കണക്കാക്കിയ പള്ളിവാസൽ വിപുലീകരണ പദ്ധതി 600 കോടി രൂപ മുടക്കി 18 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. 2024 മുതൽ അഞ്ച് തവണ പദ്ധതി ഉദ്ഘാടനം മാറ്റിവെച്ചിരുന്നു. ഒടുവിൽ കേരള പിറവി ദിനത്തിൽ ഉദ്ഘാടനം നടത്തുമെന്ന കെഎസ്ഇബിയുടെ പ്രഖ്യാപനവും പാളിയിരുന്നു. ഇപ്പോൾ സെപ്റ്റംബർ മാസം കമ്മീഷനിങ് അഥവ ഉദ്ഘാടനം നടത്തുമെന്നാണ് കെഎസ്ഇബി അറിയിപ്പ്. കോടികൾ മുടക്കിയ പദ്ധതിയിൽ 50 കോടി രൂപ വീണ്ടും മുടക്കിയാൽ മാത്രമേ പദ്ധതി പൂർണ വിജയത്തിലെത്തുകയുള്ളു. 2010ല്‍ തുടക്കം കുറിച്ച കുറ്റ്യാടി അഡീ. എക്‌സ്റ്റെന്‍ഷന് ശേഷം സംസ്ഥാനത്ത് കമ്മിഷനിങ്ങിന് തയാറായ ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസല്‍ എക്‌സ്റ്റെന്‍ഷന്‍ പദ്ധതി.