കോട്ടയം തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററും ഹോസ്റ്റലും പൂട്ടി. വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങി. 68,000 രൂപയോളമാണ് വൈദ്യുതി കുടിശിക.
ഈ മാസം 24 നാണ് തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. 68,000ത്തോളം രൂപ കുടിശിക വന്നതിനെ തുടർന്നാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. ഇതോടെ ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിങ് സെന്ററും സമീപത്തെ ഹോസ്റ്റലും പൂട്ടി. വിദ്യാർഥികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. നഴ്സിങ് സെന്റർ അധികൃതരുടെ നടപടിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തി.
വൈദ്യുതി ചാർജ് കുടിശിക വരാൻ കാരണം ഫണ്ട് ലഭിക്കാത്തതാണെന്നാണ് സെന്റർ അധികൃതരുടെ പ്രതികരണം. നഴ്സിങ് സെന്റർ പൂട്ടിയത് 50ഓളം വിദ്യാർഥികളുടെ പഠനത്തെയാണ് ബാധിച്ചത്.