തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് രോഗികള്‍ക്കും ചികിത്സയ്ക്കായി കെഎസ്ആര്‍ടിസിയിലുള്ള യാത്ര സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനവുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സ തേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റേഡിയേഷന്‍, കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍, മറ്റു സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും സൗകര്യം ലഭിക്കുക. യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രി വരെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്താല്‍ സൗജന്യ യാത്രയ്ക്കുള്ള പാസ് ലഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഈ സൗകര്യം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ എന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന രോഗിക്കും സൗജന്യ യാത്രയാകും ലഭിക്കുകയെന്നും കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
നേരത്തെയുള്ള ഉത്തരവ് പ്രകാരം തിരുവനന്തപുരത്തെ സിറ്റി- ഓര്‍ഡിനറി ബസുകളിൽ ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളേജിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലുടനീളം സൗജന്യയാത്രയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.