കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര 
KERALA

സൗജന്യയാത്രയിൽ പരിമിതികൾ ഏറെ; കെഎസ്ആർടിസി എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല

കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിൽ നിരവധി സംശയങ്ങൾ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന കോൺ​ഗ്രസ് പ്രഖ്യാപനത്തിൽ നിരവധി സംശയങ്ങൾ. എല്ലാ ബസിലും സൗജന്യ യാത്രയുണ്ടാകുമോ, എവിടെ വരെ യാത്ര ചെയ്യാനാകും, സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കും എന്നിവയൊക്കെയാണ് ഉയരുന്ന ചോദ്യങ്ങൾ.

കർണാടക മോഡൽ സൗജന്യ യാത്രയാവും കേരളത്തിൽ നടപ്പാക്കുകയെന്നാണ് വിവരം. ക‍ർണാടക ശക്തി സ്കീം എന്ന പേരിലാണ് കർണാടകയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര 2023ൽ നടപ്പാക്കിയത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ബാം​ഗ്ലൂർ മഹാന​ഗർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോ‍ർട്ട് കോർപ്പറേഷൻ, കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക.

കർണാടകക്കുള്ളിൽ എവിടെയും സൗജന്യമായി യാത്ര ചെയ്യാം. ഓർഡിനറി, അർബൻ ട്രാൻസ്പോർട്ട്, എക്സ്പ്രസ്, ട്രാൻസ്പോർട്ട് ബസുകളിലാണ് യാത്ര സൗജന്യമായുള്ളത്. എസി, എസി സ്ലീപ്പർ, നോൺ എസി സ്ലീപ്പർ, ല​ക്ഷ്വറി ബസുകൾ എന്നിവയിൽ സൗജന്യ യാത്ര അനുവദിക്കില്ല. 6,308 സിറ്റി ബസുകൾ, 5958 ഓർഡിനറി ബസുകൾ, 6343 എക്സ്പ്രസ് ബസുകൾ എന്നിവയാണ് സൗജന്യ യാത്രക്കായുള്ളത്.

യാത്ര ചെയ്യുന്നവർ സൗജന്യ യാത്രക്കായുള്ള സ്മാർട്ട് കാർഡ് കയ്യിൽ കരുതണം. കർണാടകയിലെ സ്ഥിര താമസക്കാരിയാകണമെന്നതാണ് നിബന്ധന. കർണാടകയിൽ 41 ലക്ഷത്തോളം സ്ത്രീകൾ പദ്ധതിയുടെ ​ഗുണഭോക്താക്കളാണ്. കേരളത്തിലും സമാനമായ രീതിയിൽ തന്നെയായിരിക്കും പദ്ധതി നടപ്പാക്കുക.

കേരളത്തിൽ എവിടെയും സഞ്ചരിക്കാമെങ്കിലും ഓർഡിനറി ബസുകൾ പോലുള്ള നിശ്ചിത ബസുകളിലായിരിക്കും സൗജന്യ യാത്ര. സ്ലീപ്പർ, എസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചേക്കില്ല. സൗജന്യ യാത്ര കെഎസ്ആർടി സിക്ക് വൻ ബാധ്യതയാണ് വരുത്തി വെക്കുകയെന്നാണ് റിപ്പോർട്ട്.

നിലവിൽ 23.5 ലക്ഷം യാത്രക്കാർ ദിവസവും കെഎസ്ആർടിസിയെ ഉപയോ​ഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. റിസർവേഷനില്ലാതെ യാത്ര ചെയ്യുന്നതിൽ 55-60 ശതമാനം സ്ത്രീകളുമാണ്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നൽകുകയാണെങ്കിൽപോലും മാസം 60 കോടി രൂപ ചെലവ് വരും. മാസം 80 കോടി രൂപ ശമ്പള ഇനത്തിൽ മാത്രം കണ്ടെത്തേണ്ട കെഎസ്ആർടിസി സർക്കാർ സഹായത്താൽ മാത്രമാണ് പിടിച്ചുനിൽക്കുന്നത്.

അതിനാൽ നിലവിൽ നൽകുന്ന സഹായത്തിനു പുറമെ സൗജന്യ യാത്രയിലൂടെ നഷ്ടമാകുന്ന തുക കൂടി സർക്കാർ നൽകേണ്ടി വരും. വർഷം 4000 കോടിക്ക് മുകളിലാണ് കർണാടകയിൽ പദ്ധതിക്കുള്ള ചെലവ്.

SCROLL FOR NEXT