KERALA

സ്‌കൂള്‍ അവധിക്കാല സമയമാറ്റം: വിദഗ്ധ അഭിപ്രായം കൂടി പരിഗണിച്ചാകണം തീരുമാനമെന്ന് കെഎസ്‌യു

"അവധിമാറ്റ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട മന്ത്രി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തിലും ഊന്നല്‍ നല്‍കണം"

Author : ന്യൂസ് ഡെസ്ക്

സ്‌കൂള്‍ അവധിക്കാല സമയമാറ്റത്തില്‍ കൃത്യമായ പഠനത്തിനു ശേഷമാകണം തീരുമാനമെടുക്കേണ്ടതെന്ന് കെഎസ്‍യു. വിദഗ്ധ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച്, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തണമെന്നും കെഎസ്‍യു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അവധിമാറ്റ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വിദ്യാഭ്യാസ മന്ത്രി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തിലും ഊന്നല്‍ നല്‍കണമെന്നും കെഎസ്‍യു വിമര്‍ശിച്ചു.

വി. ശിവന്‍കുട്ടിയാണ് സ്‌കൂള്‍ വേനലവധിക്കാലം മാറ്റണോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മണ്‍സൂണ്‍ കാലത്ത് കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ട സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രി അവധി മാറ്റുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്.

സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍-മെയ് മാസങ്ങളില്‍ നിന്ന് മാറ്റി ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് ആക്കി പുനഃപരിശോധിക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തിപരമായ ആലോചന മാത്രമാണിതെന്ന് വ്യക്തമാക്കിയ മന്ത്രി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിവെച്ച പൊതുചര്‍ച്ചയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ആദ്യം തന്നെ എടുത്ത് പിന്നീടതിന്മേല്‍ വിവാദമുണ്ടാവുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയില്‍ നല്ലതല്ലെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. അവധി മാറ്റത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് വിശദമായ ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കിയ വിദ്യാഭ്യാസ മന്ത്രിയെ വി.ടി. ബല്‍റാം അഭിനന്ദിച്ചു.

'ഞാന്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെ പഠിച്ചത്. അവിടെ കേരള സ്‌ക്കൂളുകളില്‍ നിന്ന് ഒരു മാസം വൈകി മെയ്-ജൂണ്‍ മാസങ്ങളിലായിരുന്നു സമ്മര്‍ വെക്കേഷന്‍. നിലവില്‍ അവിടെ രണ്ട് മാസം തികച്ച് വെക്കേഷന്‍ ഇല്ല, 50 ദിവസമേ ഉള്ളു എന്ന് തോന്നുന്നു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം മെയ് 9 മുതല്‍ ജൂണ്‍ 17 വരെയായിരുന്നു വെക്കേഷന്‍, 40 ദിവസം മാത്രം. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് രണ്ട് മാസം അഥവാ 60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തേക്കുറിച്ചും ചര്‍ച്ചയാവാമെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ആഗ്രഹിക്കുകയാണ്,' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് തന്റെ ശ്രദ്ധയില്‍പ്പെട്ട വിഷയങ്ങളും ബല്‍റാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സ്‌കൂള്‍ അവധി മാറ്റത്തില്‍ പഠനം നടത്തി വേണം പരിഷ്‌കരണമെന്ന് കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ. നജീബ് പ്രതികരിച്ചു. നിര്‍ദേശത്തെ എതിര്‍ത്തിട്ടുമില്ല, അനുകൂലിച്ചിട്ടുമില്ല. പോസിറ്റീവായി തന്നെ മന്ത്രിയുടെ നിര്‍ദേശത്തെ കാണുന്നു. അത് നടപ്പാക്കേണ്ടത് പഠനം നടത്തിയാകണം എന്നാണ് നിലപാട്. അധ്യാപക സംഘടന പറയേണ്ട വിഷയമല്ലെന്നും നജീബ് വ്യക്തമാക്കി.

മന്ത്രിയുടേത് നല്ല നിര്‍ദേശമെന്നായിരുന്നു സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്ററിന്റെ പ്രതികരണം. സ്‌കൂള്‍ അവധി ജൂണ്‍ - ജൂലൈ മാസത്തേക്ക് മാറ്റണമെന്ന് മുന്‍പും നിര്‍ദേശം ഉണ്ടായിരുന്നു. ജൂണ്‍ - ജൂലൈ മാസത്തേക്ക് അവധി മാറ്റിയാല്‍ മഴക്കാലത്ത് പഠനം മുടങ്ങുന്നത് ഒഴിവാകും. വിഷയത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും കെ. മോയിന്‍കുട്ടി അഭിപ്രായപ്പെട്ടു.

SCROLL FOR NEXT