ആലപ്പുഴ: രക്ഷാപ്രവർത്തനക്കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. "സഹപ്രവർത്തകരുടെ ഓരോ തുള്ളി ചോരക്കും ഞങ്ങടെ കയ്യിൽ കണക്കുണ്ട്, കണക്കുപുസ്തകത്തിലെ കണക്കുകൾ തീർക്കാൻ ഞങ്ങൾ നിർബന്ധിതരാവും".
രക്ഷാപ്രവർത്തനവുമായി ഞങ്ങളും തെരുവിൽ ഇറങ്ങേണ്ടി വരുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി.എം. വർഗീസാണ് പ്രതികൾ മുൻകൂർ ജാമ്യം അനുവദിച്ചത്. പിണറായിയുടെ ഗൺമാൻ അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്.
കേസിലെ പ്രതികൾക്കെതിരെ ആദ്യ അന്വേഷണ സംഘം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എസ്ഐടി രൂപീകരിച്ച ശേഷം പ്രതികൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അലോഷ്യസ് സേവ്യറുടെ ഫേസ്ബുക്ക് പോസ്റ്റ്
ജാമ്യം താൽക്കാലികം...!
സഹപ്രവർത്തകരുടെ ശരീരത്തിൽ നിന്നും വീണ ഓരോ തുള്ളി ചോരക്കും ഞങ്ങടെ കയ്യിൽ കണക്കുണ്ട്...!ആ കണക്കുപുസ്തകത്തിലെ കണക്കുകൾ തീർക്കാൻ ഞങ്ങൾ നിർബന്ധിതരവും...!
രക്ഷാ പ്രവർത്തനവുമായി ഞങ്ങളും തെരുവിൽ ഇറങ്ങേണ്ടി വരും...!
~അലോഷ്യസ് സേവ്യർ