തൃശൂർ: കുന്നംകുളത്തെ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മോഹൻലാലിൻ്റെ 'തുടരും' എന്ന സിനിമയിലെ നായകനെയും പ്രതിനായകനെയും പരാമർശിച്ചായിരുന്നു പോസ്റ്റ്. 'ജോർജ് സാറിന്റെ പണി കേരള പൊലീസ് എടുത്താൽ, ബെൻസിന്റെ പണി ഞങ്ങൾ എടുക്കും' എന്നായിരുന്നു പോസ്റ്റ്.
ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമനടപടി എടുക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. സാധാരണക്കാരോടുള്ള പൊലീസിൻ്റെ ക്രൂരത പ്രകടമാക്കുന്നതാണ് സുജിത്തിന് നേരിടേണ്ടി വന്ന കൊടിയ മര്‍ദനമെന്നും സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യം കേരള മനസാക്ഷിയെ നടുക്കുന്നതാണെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.
അതേസമയം കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ കുറ്റാരോപിതർക്ക് എതിരെ നേരത്തെ നടപടി എടുത്തിരുന്നതാണെന്ന് ഡിഐജി ആർ. ഹരിശങ്കർ പറയുന്നു. സേനാ തലത്തിലുള്ള അച്ചടക്ക നടപടിയാണ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചത്. കോടതിയിൽ ക്രിമിനൽ നടപടി ക്രമങ്ങൾ തുടരുന്നുണ്ട്. കോടതി നടപടി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡിഐജി ഹരിശങ്കർ വ്യക്തമാക്കി.
കുന്നംകുളം സ്റ്റേഷനിൽ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്ഐ നുഹ്മാൻ്റെ നേതൃത്വത്തിൽ മർദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികൾ പുറത്ത് എത്തിക്കാൻ സുജിത്തിന് കഴിഞ്ഞത്. പൊലീസുകാർ പലവട്ടം മുങ്ങിയിട്ടും വിവരാവകാശ കമ്മീഷൻ കർശന നിലപാട് എടുത്തതോടെയാണ് ദൃശ്യം പുറത്ത് വന്നത്. പൊലീസുകാർക്ക് എതിരെ കേസ് എടുത്ത് അന്വേഷിക്കാൻ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയും ഉത്തരവിട്ടിട്ടുണ്ട്.