തിരുവനന്തപുരം: സിപിഐഎം അംഗത്വം എടുക്കാൻ കെ.ടി. ജലീൽ. പാർട്ടിയിൽ സജീവമാകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം എടുക്കാൻ ഒരുങ്ങുന്നത്. മലപ്പുറം ജില്ലാ നേതൃത്വത്തെ ഇത് സംബന്ധിച്ച് താൽപ്പര്യമറിയിച്ചു. നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്ന ജലീൽ പാർട്ടി അംഗത്വം എടുക്കാൻ മുൻപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മാറിയതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. എംഎൽഎ പദവി ഒഴിഞ്ഞതോടെ പാർട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാൻ ജലീലിന് സംഘടനാപരമായ പദവികൾ അനിവാര്യമാണ്. പാർട്ടി അംഗമാകുന്നതോടെ കെ.ടി. ജലീലിന് സിപിഐഎം കമ്മിറ്റികളിൽ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാൻ സാധിക്കും.
നേരത്തെ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് നേരിട്ട് ഉൾപ്പെടുത്തിയ മാതൃക ജലീലിന്റെ കാര്യത്തിലും മലപ്പുറത്ത് ഉണ്ടായേക്കും.