കുമ്പളങ്ങാട് ബിജു വധക്കേസ് പ്രതികൾ 
KERALA

DYFI പ്രവർത്തകൻ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം

തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്

Author : ന്യൂസ് ഡെസ്ക്

ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കേസിൽ ഒൻപത് പ്രതികളാണ് ആകെയുള്ളത്.

ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരാണ് യഥാക്രമം ഒന്നു മുതൽ ഒൻപത് വരെയുള്ള പ്രതികൾ. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു.

2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ച് കുമ്പളങ്ങാട് ബിജുവിനെ കൊലപ്പെടുത്തിയത്. പന്തലങ്ങാട്ട് ജിനീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ നടത്തവേ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങൾ ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു.

വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്. സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

SCROLL FOR NEXT