Source: News Malayalam 24x7
KERALA

വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: 'സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ല'; നല്‍കിയ വിവരങ്ങള്‍ തെറ്റാണോ എന്ന് പരിശോധിക്കാന്‍ പൊലീസ്

വിവാഹം റജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്തില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന നിലപാടില്‍ പൊലീസ്. സര്‍ട്ടിഫിക്കറ്റ് എടുക്കാനായി നല്‍കിയ വിവരങ്ങള്‍ തെറ്റാണോ എന്ന് പൊലീസ് പരിശോധിക്കും. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാഹം റജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്തില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് ഇവ പരിശോധിച്ചെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയായിരുന്നു. മൂന്ന് സര്‍ട്ടിഫിക്കറ്റും യഥാര്‍ഥമെന്ന് ബോധ്യപ്പെട്ടാണ് റജിസ്‌ട്രേഷനെന്നും മൊഴി നല്‍കി. അതേസമയം സര്‍ട്ടിഫിക്കറ്റ് എടുക്കാനായി കൊടുത്ത വിവരങ്ങള്‍ തെറ്റാണോയെന്ന് അറിയില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ ഡിജിപിക്ക് കൈമാറും.

മാര്‍ച്ച് 11നാണ് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് വൈറല്‍ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണെന്നാണ് മധ്യപ്രദേശ് പൊലീസ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെയാണ് കേസെടുത്തത്.

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് കണ്ടെത്തിയത്. വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന്‍ ആരോപിക്കുന്നു. പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നെന്ന് ആശുപത്രി രേഖകളില്‍ നിന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റുകളില്‍ നല്‍കിയ വിവരം കൃത്യമാണോ എന്ന് പരിശോധിക്കാന്‍ പൊലീസ് അന്വേഷണം നടത്തുന്നത്.

SCROLL FOR NEXT