കുന്നംകുളം പൊലീസിൻ്റെ ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് 
KERALA

പൊലീസുകാരുടെ സസ്പെൻഷൻ ശുപാർശയിൽ സന്തുഷ്ടനല്ല, അഞ്ച് പേരെയും പിരിച്ചുവിടണം: വി.എസ്. സുജിത്ത്

ഈ പൊലീസുകാർക്ക് ആർക്കും സർക്കാർ സർവീസിൽ തുടരാൻ യോഗ്യതയില്ലെന്നും സുജിത്ത് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കുന്നുംകുളം: സസ്പെൻഷൻ ശുപാർശയിൽ താൻ സന്തുഷ്ടനല്ലെന്നും അഞ്ച് പേരെയും സർവീസിൽ നിന്നും പിരിച്ചുവിടുകയാണ് വേണ്ടതെന്നും കുന്നംകുളം പൊലീസിൻ്റെ ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത്. ഈ പൊലീസുകാർക്ക് ആർക്കും സർക്കാർ സർവീസിൽ തുടരാൻ യോഗ്യതയില്ലെന്നും സുജിത്ത് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണയ്ക്കും സുജിത്ത് നന്ദിയറിയിച്ചു.

അതേസമയം, കുന്നംകുളം കസ്റ്റഡി മർദനത്തിൽ പൊലീസുകാരെ പിരിച്ചുവിടാമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം ലഭിച്ചു. നേരത്തെ നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്യാമെന്ന് തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിയോട് ശുപാർശ ചെയ്തിരുന്നു.

ഇതുസംബന്ധിച്ച റിപ്പോർട്ട് ഉത്തര മേഖലാ ഐജിക്ക് ഇന്ന് രാവിലെ സമർപ്പിച്ചിരുന്നു. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറാണ് സസ്പെൻഷൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് നൽകിയത്. നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കാനും ശുപാർശ നൽകിയിട്ടുണ്ട്. ഇതോടെ പിരിച്ചുവിടൽ പോലുള്ള കടുത്ത നടപടിക്ക് തുടക്കമാവുമെന്നാണ് സൂചന.

SCROLL FOR NEXT