Source; News Malayalam 24X7, ഫയൽ ചിത്രം
KERALA

കുന്നംകുളം കസ്റ്റഡി മര്‍ദനം: കുറ്റാരോപിതര്‍ക്കെതിരെ അതിവേഗം നടപടിയുണ്ടാകുമെന്ന് ഡിഐജി

അതിവേഗത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഫലത്തില്‍ വരുമെന്നും ഡിഐജി

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയത് ഇന്ന് രാവിലെയെന്ന് ഡിഐജി ഹരിശങ്കര്‍. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതോടെയാണ് തീരുമാനമെന്നും ഡിഐജി ന്യൂസ് മലയാളത്തോട് പറഞ്ഞു.

കോടതി നേരിട്ട് ക്രിമിനല്‍ കേസ് എടുത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടിക്ക് വീണ്ടും ശുപാര്‍ശ ചെയ്തത്. മുന്‍പ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കിലും അന്ന് ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തിരുന്നില്ല. വിഷയത്തില്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഡിഐജി ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥലത്തിലും നിയമ വിദഗ്ധരുമായും അഭിപ്രായങ്ങള്‍ തേടിയിരുന്നു.

പോലീസില്‍ നിന്നും തദ്ദേശ വകുപ്പിലേക്ക് ജോലി മാറിയ ഉദ്യോഗസ്ഥനെതിരായ നടപടി സ്വീകരിക്കേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പാണെന്നും ഡിഐജി പറഞ്ഞു. അക്കാര്യം സംബന്ധിച്ച് ഐജി തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കും. കോടതി നടപടികള്‍ സുതാര്യമായി നടക്കുന്നതിനാലാണ് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്.

കുറ്റാരോപിതരായ അഞ്ചു പേരുടെയും അച്ചടക്കനടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിവേഗത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഫലത്തില്‍ വരുമെന്നും ഡിഐജി പറഞ്ഞു.

കസ്റ്റഡി മര്‍ദനത്തില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും ശുപാര്‍ശ നല്‍കിയതിനാല്‍ പിരിച്ചുവിടല്‍ പോലുള്ള കടുത്ത നടപടിക്ക് തുടക്കമാവുമെന്നാണ് സൂചന.

കുന്നംകുളം സ്റ്റേഷനില്‍ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്‌ഐ നുഹ്‌മാന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികള്‍ പുറത്ത് എത്തിക്കാന്‍ സുജിത്തിന് കഴിഞ്ഞത്.

പൊലീസുകാര്‍ പലവട്ടം മുങ്ങിയിട്ടും വിവരാവകാശ കമ്മീഷന്‍ കര്‍ശന നിലപാട് എടുത്തതോടെയാണ് ദൃശ്യം പുറത്ത് വന്നത്. പൊലീസുകാര്‍ക്ക് എതിരെ കേസ് എടുത്ത് അന്വേഷിക്കാന്‍ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടിട്ടുണ്ട്.

SCROLL FOR NEXT