KERALA

കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങൾ; ശാസ്ത്രീയ പരിശോധന നടത്താത്തത് തിരിച്ചടി, പ്രാഥമിക അന്വേഷണത്തിൽ വൻ വീഴ്ചയെന്ന് പരാതിക്കാരൻ

ദുരൂഹ മരണങ്ങൾക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അന്വേഷണം വ്യാപിക്കണം എന്നും പ്രദേശവാസിയായ സണ്ണി ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കരമന കൂടത്തിൽ കുടുംബത്തിലെ ഏഴ് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രാഥമിക അന്വേഷണത്തിൽ വൻ വീഴ്ചയുണ്ടായെന്ന് പരാതിക്കാരൻ. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും ശാസ്ത്രീയ പരിശോധന നടത്താത്തത് തിരിച്ചടിയായെന്നും അനിൽ കാലടി ന്യൂസ് മലയാളത്തോട് പറഞ്ഞു. ദുരൂഹ മരണങ്ങൾക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അന്വേഷണം വ്യാപിക്കണം എന്നും പ്രദേശവാസിയായ സണ്ണി ആവശ്യപ്പെട്ടു.

2017 ഏപ്രിൽ 2 ന് കരമന കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായർ കൊല്ലപ്പെട്ട കേസിലാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത് .കൂടത്തിൽ വീട്ടിൽ നടന്ന ദുരൂഹ മരണങ്ങളിൽ അവസാനത്തേതാണ് ജയമാധവൻനായരുടേത്. 100 കോടിയിലേറെ വരുന്ന സ്വത്തുക്കൾ കൈക്കലാക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വരുത്തിയ വീഴ്ചയാണ് അന്വേഷണം നീളാൻ കാരണമെന്നുംതെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരൻ അനിൽ കാലടി പറഞ്ഞു.

2021 ലാണ് ജയമാധവന്റേത് കൊലപാതകമാണെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിക്കുന്നത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ സജുവിനെ വിദേശത്ത് നിന്ന് ഉടൻ നാട്ടിലെത്തിക്കും. കുറ്റകൃത്യത്തിൽ പങ്കാളിയായ അനിൽ നേരത്തെ മരിച്ചിരുന്നു. കൂടത്തിൽ വീട്ടിലെ മറ്റ് മരണങ്ങളുടെ കൂടി ചുരുളഴിഞ്ഞാൽ , രവീന്ദ്രൻ നായർക്ക് മേൽ കൂടുതൽ കുറ്റങ്ങൾ ചുമത്തും.

SCROLL FOR NEXT